ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ അധ്യക്ഷനും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വെടിവയ്‌പ്. സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തില്‍വെച്ച് ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിഴയ്‌ക്കാണ് ബാദൽ രക്ഷപ്പെട്ടത്. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ് ചോര്‍ഹയാണ് അക്രമി.
സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള ശിക്ഷയാണ് ബാദൽ ഇപ്പോൾ അനുഭവിക്കുന്നത്.
ഗുരുദ്വാരകളിലെ അടുക്കളകളും ശുചിമുറികളും വൃത്തിയാക്കണം എന്നതായിരുന്നു ശിക്ഷ. കൂടാതെ സുവർണക്ഷേത്രത്തിന് കഴുത്തിൽ പ്ലക്കാർ ധരിച്ച്, കയ്യിൽ കുന്തം പിടിച്ച്, കാവൽ നിൽക്കാനും അകാൽ തഖ്ത് വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: