തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ, തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആയമാർ പിഞ്ചു കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് സംഭവമാണെന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ആയമാർ ഉപദ്രവിക്കുമെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ആയ വെളിപ്പെടുത്തി.കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നും ഇവർ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്ത ആയയുടേതാണ് വെളിപ്പെടുത്തൽ. നമ്പർ വൺ കേരളത്തിൽ കേരള മുഖ്യമന്ത്രി പ്രസിഡന്റ് ആയുള്ള ശിശു ക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള പിഞ്ചു ബാലികയെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച വാർത്ത സംഭവം നടന്ന് ഒരാഴ്‌ച്ച കഴിഞ്ഞു പുറത്തുവന്നിരിക്കുന്നു.
ആയമാര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ശിശുക്ഷേമസമിതിയിലെ താത്കാലിക ജീവനക്കാരായ അണ്ടൂര്‍ക്കോണം സ്വദേശി അജിത(49), അയിരൂപ്പാറ സ്വദേശി മഹേശ്വരി(49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം രാഷ്‌ട്രീയ കരുത്തില്‍ ജോലി നേടിയവരാണ്. അതിനിടെ ശിശുക്ഷേമ സമിതിയില്‍ ഇതെല്ലാം നിത്യ സംഭവമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നു.
പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ആയ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ക്രൂരതകളെല്ലാം അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടക്കുകയാണ് പതിവെന്നും വെളിപ്പെടുത്തലുണ്ട്.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കാര്യം ആയമാർ അധികൃതരെ അറിയിക്കാതെ മറച്ച് വച്ചത് ഒരാഴ്ചയാണ്. കിടക്കയിൽ മൂത്രമൊഴിക്കുന്നത് പതിവാക്കിയിരുന്ന കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംസാരിച്ചത്. അറസ്റ്റിലായ ആയമാർ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്‌ട്രീയബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു.
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരിട്ട് ക്രൂരതയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അറസ്റ്റിലായ ആയമാർ പെരുമാറിയത് അതി ക്രൂരമായിട്ടാണ്. കിടക്കയിൽ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് പറയുന്നത് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയിൽ വച്ചാണ്.
കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോർട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല. ഒരാഴ്ചയോളം വിവരം ഇവർ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികൾ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണ്ണായകമായത്.
സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോർട്ട് ചെയ്യുന്നതും ഈ ആയയാണ്. അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു. പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് തുടർ നടപടി എടുത്തത്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേർ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്‌ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ മ്യൂസിയം പൊലീസ് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: