Kerala

കൊല്ലത്ത് യുവതിയെ ഭർത്താവ് കാറിനുള്ളിൽ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Published by

കൊല്ലം: നടുറോഡിൽ കാർ തടഞ്ഞുനിർത്തി യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊല്ലം കൊട്ടിയം തഴുത്തല സ്വദേശി അനിലയെ ഭർത്താവ് പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത്. രാത്രി ഒമ്പത് മണിയോടെ കൊല്ലം നഗരത്തിൽ റെയിൽവേ സ്‌റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
കൊല്ലം നായേഴ്സ് ആശുപത്രിക്ക് സമീപം ബേക്കറി നടത്തുകയായിരുന്നു അനില. കൊട്ടിയത്ത് കേറ്ററിങ് സ്ഥാപനം നടത്തുന്ന പത്മരാജന്റെ രണ്ടാമത്തെ വിവാഹമായിരുന്നു അനിലയുമായി. യുവതി തുടങ്ങിയ ബേക്കറിയിൽ യുവതിയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അടുത്തിടെയാണ് അനില നായേഴ്സ് ആശുപത്രിക്ക് സമീപം ബേക്കറി ആരംഭിച്ചത്. അനിലയുടെ സുഹൃത്തും ഇതിൽ പാർട്ണറായിരുന്നു. കടയിൽ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാർട്നർഷിപ്പ് ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നൽകിയാൽ കടയിലെ പാർട്നർഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാൽ പത്മരാജനും അനിലയുടെ സുഹൃത്തുമായി സംഭവത്തിന്റെ പേരിൽ കയ്യാങ്കളി നടന്നു. ബേക്കറിയിൽ വച്ചായിരുന്നു ഇവർ തമ്മിൽ അടിപിടിയുണ്ടായത്. ഇതിനിടെ പാർട്‌നർഷിപ്പ് തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു.

എന്നാൽ ഇതിന് പിന്നാലെയാണ് ഇന്ന് രാത്രിയോടെ അനിലയെ പിന്തുടർന്നെത്തിയ പത്മരാജൻ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കടയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. അതേസമയം അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിയ്‌ക്ക് നേരെ പത്മരാജൻ പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ബേക്കറി അടച്ചശേഷം അനില കാറിൽ വരുന്നതും നിരീക്ഷിച്ച് പത്മരാജൻ ചെമ്മാൻമുക്കിനു സമീപം കാത്തുകിടക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ചെമ്മാൻമുക്ക് ജംക്‌ഷനിൽ കാർ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. പൊള്ളലുകളോടെ കാറിൽനിന്ന് ഇറങ്ങിയോടിയ സോണിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജൻ ഓട്ടോറിക്ഷയിൽ കയറി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ആളൊഴിഞ്ഞ സ്ഥലം നോക്കിയാണ് പ്രതി കൃത്യം നടത്തിയത്. ഒമ്നി വാനിൽ എത്തിയ പത്മരാജൻ കാറിന് കുറുകെ നിർത്തുകയായിരുന്നു. ഇതിന് ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ കാറിനുള്ളിലേക്ക് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: crimekollam