ന്യൂദൽഹി : സഭയുടെ സിറ്റിങ് വേളകളിൽ പാർലമെൻ്റിന്റെ ഗേറ്റിന് മുന്നിൽ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടത്തരുതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ചൊവ്വാഴ്ച സഭാംഗങ്ങളോട് അഭ്യർത്ഥിച്ചു. പാർലമെൻ്റിലേക്കുള്ള അംഗങ്ങളുടെ നീക്കത്തിന് ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇത്തരം സമീപനങ്ങൾ ഒഴിവാക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പാർലമെൻ്റ് മന്ദിരത്തിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കെട്ടിട ഗേറ്റുകൾ തടസ്സങ്ങളില്ലാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലോക്‌സഭാംഗം രാഹുൽ ഗാന്ധി, കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധി വധേര, എഎപി എംപി സഞ്ജയ് സിംഗ്, ഇൻഡി ബ്ലോക്കിലെ മറ്റ് നേതാക്കൾ എന്നിവർ ചൊവ്വാഴ്ച അദാനി കുറ്റപത്രം വിഷയത്തിൽ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണിത്.
സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന നേതാക്കൾ ബാനറുകൾ ഉയർത്തി നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തുകയും കവാടത്തിൽ മറ്റ് അംഗങ്ങൾക്ക് തടസമുണ്ടാക്കുകയും ചെയ്തിരുന്നു.
അതേ സമയം അദാനി കുറ്റപത്രം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻഡി ബ്ലോക്ക് നേതാക്കൾ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയതോടെ പാർലമെൻ്റിന്റെ ആറാം ദിവസവും നാടകീയ സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: