നരേന്ദ്ര മോദി
പ്രധാനമന്ത്രി
ഡിസംബര്‍ 3, ഏറെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്നു നാം ഭിന്നശേഷിക്കാരുടെ അന്തര്‍ദേശീയദിനം ആചരിക്കുന്നു. ഭിന്നശേഷിക്കാരുടെ ധൈര്യം, നിശ്ചയദാര്‍ഢ്യം, നേട്ടങ്ങള്‍ എന്നിവയെ അഭിവാദ്യം ചെയ്യുന്ന ദിനമാണിത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ദിവസം പവിത്രമാണ്. ദിവ്യാംഗരോടുള്ള ആദരം നമ്മുടെ സാംസ്കാരിക ധര്‍മചിന്തയില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. നമ്മുടെ വേദങ്ങളും പുരാതന ഗ്രന്ഥങ്ങളും, ഏവരെയും അവരുടെ സഹജമായ കഴിവുകളെയും ബഹുമാനിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു.
രാമായണത്തിലെ ശ്ലോകം പറയുന്നത് ഇങ്ങനെയാണ്:
उत्साहो बलवानार्य, नास्त्युत्साहात्परं बल
सोत्साहस्यास्ति लोकेऽस्मिन् न किञ्चिदपि दुर्लभम्।।
നിശ്ചയദാര്‍ഢ്യവും തീക്ഷ്ണതയുമുള്ളവര്‍ക്ക് ലോകത്തില്‍ ഒന്നും അസാധ്യമല്ല എന്നാണ് ഇതിനര്‍ഥം. ഈ ചൈതന്യത്തിന്റെ ഉദാഹരണമായ നമ്മുടെ ദിവ്യാംഗര്‍, ഇന്ന്, രാജ്യത്തിന്റെ കരുത്തിന്റെയും അഭിമാനത്തിന്റെയും ഉറവിടമായി മാറിയിരിക്കുന്നു.
ഈ വര്‍ഷം, ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്ദര്‍ഭം, ഏറെ സവിശേഷമാണ്. സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അങ്ങേത്തലയ്ക്കല്‍വരെയുള്ള വ്യക്തിയിലേക്കും എത്തിച്ചേരാനും നമ്മുടെ ഭരണഘടന നമുക്കു പ്രചോദനമേകുന്നു.
നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, കഴിഞ്ഞ പത്തുവര്‍ഷമായി ദിവ്യാംഗരുടെ പുരോഗതിക്കു ഞങ്ങള്‍ കരുത്തുറ്റ അടിത്തറയിട്ടു. ഈ കാലയളവില്‍, നിരവധി നയങ്ങള്‍ ആവിഷ്കരിക്കുകയും അവരുടെ ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
ഉള്‍ച്ചേര്‍ക്കല്‍, സംവേദനക്ഷമത, സര്‍വതോമുഖവികസനത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നീ മൂല്യങ്ങളാണു നമ്മുടെ ഗവണ്മെന്റിനെ നയിക്കുന്നതെന്ന് ഈ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ചൈതന്യത്തില്‍, നമ്മുടെ ദിവ്യാംഗ സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിനായുള്ള നമ്മുടെ സമര്‍പ്പണം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരമായി ഈ ദിനം നിലകൊള്ളുന്നു.
പൊതുജീവിതത്തിലെ എന്റെ ആദ്യനാളുകള്‍മുതല്‍, ദിവ്യാംഗരുടെ ജീവിതം സുഗമമാക്കാന്‍ ഞാന്‍ എല്ലായ്പോഴും പരിശ്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായശേഷം, ഈ സേവനമനോഭാവത്തെ ദേശീയ ദൗത്യമാക്കി മാറ്റാന്‍ ഞാന്‍ പ്രവര്‍ത്തിച്ചു. 2014ലെ ഞങ്ങളുടെ ആദ്യ നടപടികളിലൊന്ന് ‘വികലാംഗര്‍’ എന്ന പദം ‘ദിവ്യാംഗര്‍’ എന്ന പദമാക്കി മാറ്റിയതായിരുന്നു. ഇതു കേവലം പദാവലിയിലെ മാറ്റമായിരുന്നില്ല; അത് അവരുടെ അന്തസ് ഉറപ്പാക്കുകയും അവരുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്തു. ശാരീരിക വെല്ലുവിളികള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാത്ത, ഏവരെയും ഉള്‍ക്കൊള്ളുന്ന, അന്തരീക്ഷമാണ് ഗവണ്മെന്റ് വിഭാവനം ചെയ്യുന്നതെന്നും, ഓരോ വ്യക്തിക്കും അവരുടെ കഴിവുകള്‍ക്കനുസരിച്ച് രാഷ്ട്രനിര്‍മാണത്തില്‍ സംഭാവന ചെയ്യാന്‍ അര്‍ഹമായ ബഹുമാനവും അവസരങ്ങളും നല്കുന്നുവെന്നുമുള്ള വ്യക്തമായ സന്ദേശം ഈ തീരുമാനം നല്കി. വിവിധ അവസരങ്ങളില്‍, എന്റെ ദിവ്യാംഗ സഹോദരീസഹോദരന്മാര് ഈ തീരുമാനത്തിന് എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ അവരുടെ അനുഗ്രഹങ്ങള്‍ എന്റെ ഏറ്റവും വലിയ ശക്തിയായി മാറി.
എല്ലാ വര്‍ഷവും ദിവ്യാംഗദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഒമ്പതുവര്‍ഷംമുമ്പ്, ഇതേ ദിവസമാണു നാം ‘സുഗമ്യ ഭാരത് അഭിയാന്’ ആരംഭിച്ചതെന്നു ഞാന്‍ ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു. വര്‍ഷങ്ങളായി, ഈ സംരംഭം ദിവ്യാംഗരെ ശാക്തീകരിച്ച രീതി എന്നില്‍ അളവറ്റ സംതൃപ്തി നിറയ്ക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയത്തിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം വലിയ തോതില്‍ ഏവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കു വഴിയൊരുക്കി.
മുന്‍ ഗവണ്മെന്റുകളുടെ നയങ്ങള്‍ പലപ്പോഴും ഗവണ്മെന്റ് ജോലികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍നിന്നു ദിവ്യാംഗരെ മാറ്റിനിര്‍ത്തി. ഞങ്ങള്‍ ആ സാഹചര്യം മാറ്റിമറിച്ചു. സംവരണ നയങ്ങള്‍ പരിഷ്കരിക്കുകയും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിവ്യാംഗരുടെ ക്ഷേമത്തിനായുള്ള വിഹിതം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള ഞങ്ങളുടെ ആഴത്തിലുള്ള പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.
ഈ തീരുമാനങ്ങള്‍ ദിവ്യാംഗര്‍ക്ക് അവസരങ്ങളുടെയും പുരോഗതിയുടെയും പുതുവഴികള്‍ തുറന്നു. ഇന്ന്, നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കള്‍ രാഷ്ട്രനിര്‍മാണത്തില്‍ അര്‍പ്പണബോധമുള്ള പങ്കാളികളായി അഭിമാനത്തോടെ സംഭാവനയേകുന്നു.
ഇന്ത്യയിലെ യുവ ദിവ്യാംഗരുടെ അനന്തമായ സാധ്യതകള്‍ക്കു ഞാന്‍ വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പാരാലിമ്പിക്സില്‍ നമ്മുടെ കായികതാരങ്ങള്‍ രാജ്യത്തിനു നല്കിയ ബഹുമതി ഈ അവിശ്വസനീയമായ ഊര്‍ജത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ഊര്‍ജം രാജ്യത്തിന്റെ പുരോഗതിയിലേക്കു നയിക്കുന്നതിന്, നമ്മുടെ ദിവ്യാംഗ സുഹൃത്തുക്കളെ നൈപുണ്യവികസന പരിപാടികളുമായി ഞങ്ങള്‍ കൂട്ടിയിണക്കുകയും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അര്‍ഥപൂര്‍ണമായ സംഭാവന നല്‍കാനുള്ള അവരുടെ കഴിവിനു പിന്തുണയേകുകയും ചെയ്തു.
ഈ പരിശീലനപരിപാടികള്‍ കേവലം ഗവണ്മെന്റ് സംരംഭങ്ങളല്ല. അവ നമ്മുടെ ദിവ്യാംഗരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തൊഴില്‍ തേടാനും അവരുടെ ജീവിതം അന്തസ്സോടെ കെട്ടിപ്പടുക്കാനും സ്വയംപര്യാപ്ത മനോഭാവത്തോടെ അവരെ ശാക്തീകരിക്കുകയും ചെയ്തു.
എന്റെ ദിവ്യാംഗ സഹോദരീസഹോദരന്മാരുടെ ജീവിതം സുഗമവും കൂടുതല്‍ സൗകര്യപ്രദവും അന്തസ്സുറ്റതുമാണെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ അടിസ്ഥാന തത്വം. ഈ മനോഭാവത്തോടെയാണ് നാം ഭിന്നശേഷിക്കാര്‍ക്കായുള്ള നിയമം നടപ്പിലാക്കിയത്. ഈ ചരിത്രപരമായ നിയമനിര്‍മാണം വൈകല്യത്തിന്റെ നിര്‍വചനം ഏഴില്‍നിന്ന് 21 വിഭാഗങ്ങളായി വിപുലീകരിച്ചു. ആദ്യമായി ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇന്ന്, കൂടുതല്‍ സ്വയംപര്യാപ്തവും ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം നയിക്കാന്‍ ദിവ്യാംഗര്‍ക്കു കരുത്തുപകരുന്നതിനുള്ള ശക്തമായ സങ്കേതമായി ഈ നിയമം വര്‍ത്തിക്കുന്നു.
ഈ നിയമങ്ങള്‍ ദിവ്യാംഗരെക്കുറിച്ചുള്ള സാമൂഹ്യ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. ഇന്ന്, നമ്മുടെ ദിവ്യാംഗ സഹോദരങ്ങള്‍ സമൃദ്ധമായ ഇന്ത്യയുടെ വികസനത്തിനു പൂര്‍ണമായ സംഭാവനകളേകുന്നുണ്ട്.
സമൂഹത്തിലെ ഓരോ വ്യക്തിക്കും അതുല്യമായ കഴിവുകളുണ്ടെന്ന് ഇന്ത്യന്‍ തത്വചിന്ത നമ്മെ പഠിപ്പിക്കുന്നു; അതിനായി നാം അവരെ പ്രകാശത്തിലേക്ക് ആനയിച്ചാല്‍ മാത്രം മതി. എന്റെ ദിവ്യാംഗ സുഹൃത്തുക്കളുടെ ശ്രദ്ധേയമായ കഴിവുകളില്‍ ഞാന്‍ എല്ലായ്പോഴും വിശ്വസിച്ചിരുന്നു. കഴിഞ്ഞ ദശകത്തില്‍ അവരിലുള്ള എന്റെ വിശ്വാസം കൂടുതല്‍ ആഴത്തിലായി എന്നു ഞാന്‍ ഏറെ അഭിമാനത്തോടെ പറയുന്നു. അവരുടെ നേട്ടങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ അഭിലാഷങ്ങളെ എങ്ങനെ പുനര്‍നിര്‍മിച്ചുവെന്നും അതിനു പുതിയ ദിശാബോധം നല്‍കിയെന്നും കാണുന്നത് എന്നില്‍ വളരെയധികം സന്തോഷം നിറയ്ക്കുന്നു.
പാരാലിമ്പിക്സ് മെഡലുകളാല്‍ അലംകൃതരായ നമ്മുടെ കായികതാരങ്ങള്‍ എന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, എന്റെ ഹൃദയം അഭിമാനത്താല്‍ നിറഞ്ഞിരുന്നു. ‘മന് കീ ബാത്തി’ല്‍ എന്റെ ദിവ്യാംഗ സഹോദരരുടെ പ്രചോദനാത്മകമായ കഥകള്‍ പങ്കിടുമ്പോഴെല്ലാം ഞാന്‍ ആഹ്ലാദഭരിതനായിരുന്നു. വിദ്യാഭ്യാസമോ കായികമേഖലയോ സ്റ്റാര്‍ട്ടപ്പുകളോ ഏതുമാകട്ടെ, അവിടെയെല്ലാം അവര്‍ തടസ്സങ്ങള്‍ ഭേദിക്കുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്തു; രാജ്യത്തിന്റെ വികസനത്തില്‍ സജീവമായി സംഭാവനയേകി.
2047ല്‍ നാം സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍, നമ്മുടെ ദിവ്യാംഗര്‍ ലോകത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി നിലകൊള്ളുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഇന്നു നമുക്കു ദൃഢനിശ്ചയം ചെയ്യാം.
ഒരു സ്വപ്നവും വലുതല്ലാത്ത, കൈവരിക്കാന്‍ കഴിയാത്ത ഒരു ലക്ഷ്യവുമില്ലാത്ത സമൂഹത്തെ നമുക്ക് ഒരുമിച്ചു സൃഷ്ടിക്കാം. എങ്കില്‍ മാത്രമേ ഏവരേയും ഉള്‍ക്കൊള്ളുന്നതും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്കു കഴിയൂ. ഈ കാഴ്ചപ്പാടു കൈവരിക്കുന്നതില്‍ എന്റെ ദിവ്യാംഗ സഹോദരങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ട്.
ഒരിക്കല്‍ കൂടി, ഈ സവിശേഷ ദിനത്തില്‍ എല്ലാ ദിവ്യാംഗര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: