മലയാള സീരിയലുകളെപ്പറ്റി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് നടനും മന്ത്രിയുമായ ഗണേഷ് കുമാർ. സീരിയൽ മേഖലക്കായി പ്രേകുമാർ എന്ത് ചെയ്തുവെന്നും ഗണേഷ് കുമാർ ചോദിച്ചു. ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് പ്രേംകുമാർ നടത്തിയ പരാമർശമാണ് വിവാദമായത്. പിന്നാലെ നിരവധി പേർ താരത്തിനെതിരെ രംഗത്തെത്തി. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു. അതേസമയം എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.
സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: