അമ്പത് ഏക്കറിലധികം വരുന്ന കാവ്. കാടിനകത്ത് അഭയവരദായിനിയായ അമ്മ, ഇരിങ്ങോള്‍ ഭഗവതി. ഇതാണ് കേരളത്തിന്റെ സ്വന്തം ഇരിങ്ങോൾക്കാവ് . പ്രാദേശികമായ വിശ്വാസങ്ങളും ഹിന്ദു ഐതിഹ്യങ്ങളും അനുസരിച്ച പരശുരാമന്‍ സ്ഥാപിച്ച കാവാണ് ഇരിങ്ങോള്‍ എന്നാണ് വിശ്വാസം. പരശുരാമന്റെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നുകൂടിയാണിത്
ക്ഷേത്രത്തിന് ചുറ്റുമുള്ള മരങ്ങളെ ആരാധിക്കുന്നു എന്നതാണ് ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ പ്രധാന സവിശേഷത. കംസൻ നിഷ്‌ക്രൂരമായി കൊല്ലാൻ ശ്രമിച്ച നന്ദഗോപന്റെയും യശോദയുടെയും കുഞ്ഞാണ് ദേവി എന്നാണ് വിശ്വസിക്കുന്നത്. കൃഷ്ണനാൽ വധിക്കപ്പെടുമെന്ന ഭയത്തിൽ കംസൻ വർഷങ്ങളോളം തടവിലാക്കിയവരാണ് വസുദേവനും ദേവകിയും. അവർ ജന്മം നൽകിയ ഏഴ് കുഞ്ഞുങ്ങളെയാണ് കംസൻ വധിച്ചത്.
തന്റെ ഏഴ് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കംസന്റെ കൈയ്യിൽ നിന്ന് എട്ടാമത്തെ കുഞ്ഞായ കൃഷ്ണനെ രക്ഷിക്കണമെന്ന് വാസുദേവൻ തീരുമാനിച്ചു. കൃഷ്ണനെ വൃന്ദാവനത്തിലേക്ക് കൊണ്ട് പോകുകയും അതിന് പകരമായി നന്ദഗോപനും യശോദയ്‌ക്കും ജനിച്ച പെൺകുട്ടിയെ കംസന്റെ മുന്നിൽ കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇത് വാസുദേവന്റെയും ദേവകിയുടെയും പുത്രനല്ലെന്ന് മനസിലായിട്ടും പെൺകുഞ്ഞിനെ കൊല്ലാൻ കംസൻ തീരുമാനിക്കുകയായിരുന്നു.
കംസൻ എടുത്തെറിയാൻ ശ്രമിച്ചതും കുഞ്ഞ് ആകാശത്തേക്ക് ഉയർന്ന് പൊങ്ങുകയും ദീപമായി മാറുകയും ചെയ്തു. ആ ദീപം ആദ്യം പ്രകാശിച്ച ഇടമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നാണ് ഐതിഹ്യം.ആ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. അതില്‍ നിന്ന് ഈ കാണുന്ന മരങ്ങളെല്ലാം മുളപൊട്ടി വന്‍കാവായി രൂപപ്പെട്ടത്രേ. ദേവി വന്നിരുന്ന കാവ് ‘ഇരുന്നോൾ’ കാവായും പിന്നെ, ഇരിങ്ങോൽകാവായും മാറി.
തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. ചടങ്ങുകളെല്ലാം പഴമയോടും ശുദ്ധിയോടുമാണ് തുടർന്നു വരുന്നത്. മറ്റിടങ്ങളിൽ കാണാത്ത ചില പ്രത്യേകതകളും ഇവിടെയുണ്ട് . ഭഗവതിക്ക് ഗന്ധം ഇഷ്ടമല്ല. അതുകൊണ്ട്, ഗന്ധമുള്ള പുഷ്പമോ പൂജാവസ്തുക്കളോ ഉപയോഗിക്കാറില്ല. ചെത്തി, തുളസി, താമര എന്നീ പുഷ്പങ്ങളല്ലാതെ മറ്റൊരു പൂവും പൂജയ്‌ക്കെടുക്കില്ല. സാമ്പ്രാണിത്തിരി പോലും ഇവിടെ കത്തിക്കില്ല. ഒന്നോ രണ്ടോ കർപ്പൂരം മാത്രം ദീപാരാധന സമയത്ത് ഉപയോഗിക്കും. അഭിഷേകത്തിന് ജലമല്ലാതെ മറ്റൊന്നും പാടില്ല എന്നാണ് ആചാരം. അതുകൊണ്ടു ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി ആരെങ്കിലും വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കൂ. ഇവിടെ വിവാഹവും നടത്തില്ല. ദേവിയെ ബാലികയായി സങ്കൽപിച്ചിരിക്കുന്നതു കൊണ്ടാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: