ന്യൂദൽഹി: ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെ സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ആറ് പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്‌ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
പോലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീർണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. സാമ്പത്തിക ഭരണകാര്യങ്ങൾ കൂടി ഏറ്റെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു.
കൂടാതെ കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടാതെ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: