Kerala

കാര്‍ വാടകയ്‌ക്ക് കൊടുത്തത് നിയമവിരുദ്ധമായി : വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല : ഉടമയ്‌ക്ക് എതിരെ നടപടിയെടുക്കും

Published by

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. കാര്‍ വാടകയ്‌ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്‌ക്ക് നല്‍കിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്‌ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് എടുത്തിട്ട് അഞ്ച് മാസം മാത്രമാണ് ആയതെന്നും ആര്‍ടിഒ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു.

പതിനാല് വര്‍ഷം പഴക്കമുള്ള ടവേരയാണ് വിദ്യാര്‍ത്ഥികള്‍ വാടകയ്‌ക്കെടുത്തത്. സിനിമയ്‌ക്ക് പോകാനായി നേരത്തെ സംഘം ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി കാര്‍ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ അഞ്ച് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക