അഗർത്തല : ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ധാക്കയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ കെട്ടിടം പ്രതിഷേധക്കാർ വളയുകയും ബംഗ്ലാദേശ് ദേശീയ പതാക കത്തിക്കുകയും ചെയ്തു. അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ നടന്ന റാലിയോടെയാണ് ഹിന്ദു സംഘർഷ് സമിതി സംഘടിപ്പിച്ച പ്രതിഷേധം ആരംഭിച്ചത്.
മുദ്രാവാക്യം വിളികൾക്ക് ശേഷം സംഘടനയുടെ ആറംഗ പ്രതിനിധി സംഘം മെമ്മോറാണ്ടം സമർപ്പിക്കാൻ ഓഫീസിലേക്ക് കയറി. ഈ സമയത്ത് ഓഫീസിന് പുറത്തുള്ള ചില പ്രതിഷേധക്കാർ ബംഗ്ലാദേശ് മിഷൻ പരിസരത്ത് പ്രവേശിക്കുകയും ബംഗ്ലാദേശ് ദേശീയ പതാക വലിച്ചുകീറുകയും ചില സൈൻബോർഡുകൾക്ക് തീയിടുകയും ചെയ്തു.
ബംഗ്ലാദേശ് സർക്കാരിന്റെ അഗർത്തല ഓഫീസിന് ചുറ്റും തടിച്ചുകൂടിയ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുന്നത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടുകൾ ലഭിച്ചയുടൻ ത്രിപുര പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിക്കുകയും ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു.
അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ കെട്ടിടത്തിലെ സുരക്ഷാ ലംഘനം ഖേദകരമാണെന്നും രാജ്യത്തെ മറ്റ് ബംഗ്ലാദേശ് സ്ഥാപനങ്ങൾക്കായി സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ നടപടിയെടുക്കുകയാണെന്നും ഇന്ത്യൻ സർക്കാർ പറഞ്ഞു. അതേ സമയം പ്രതിഷേധക്കാർ അഗാധമായ നീരസമുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പുറമെ അനുബന്ധ സംഭവത്തിൽ പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലും പ്രതിഷേധം നടന്നു. അവിടെ സനാതനി ഹിന്ദു മഞ്ച് ബംഗ്ലാദേശ് ചീഫ് അഡ്വൈസർ പ്രൊഫസർ മുഹമ്മദ് യൂനസിന്റെ കോലം കത്തിച്ചു. കൂടാതെ ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ചംഗ്രബന്ധയിലും പ്രതിഷേധ പ്രകടനം നടന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം ഉയർത്തിക്കാട്ടുന്നതിനായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പെട്രാപോൾ അതിർത്തിയിൽ പ്രതിഷേധം തുടരുകയും സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ അതിർത്തിയിൽ ദീർഘകാല ഉപരോധത്തിന് പദ്ധതിയിടുകയും ചെയ്യുമെന്ന് പറഞ്ഞു.
ബംഗ്ലാദേശിൽ ആഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിന് ശേഷം സൈന്യത്തിന്റെ പിന്തുണയുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് തമ്മിലുള്ള ബന്ധം സംഘർഷഭരിതമായത്. കഴിഞ്ഞ ദിവസം ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് സർക്കാർ അറസ്റ്റ് ചെയ്തതും ജാമ്യം നിഷേധിച്ചതും ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു ഗ്രൂപ്പുകളുടെയും ഇസ്‌കോണിന്റെയും ശക്തമായ പ്രതിഷേധത്തിന് കാരണമായി.
ചിൻമോയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്നും ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചും കൊൽക്കത്തയിലെ ആൽബർട്ട് റോഡ് സെൻ്ററിൽ ഇസ്‌കോൺ പ്രാർത്ഥനാ യോഗങ്ങളും കീർത്തനങ്ങളും നടത്തിവരികയാണ്. സാധുവായ വിസകളും രേഖകളും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്ക് കടക്കുന്നതിനെ ബംഗ്ലാദേശ് തങ്ങളുടെ 63 ബ്രഹ്മചാരികളെ തടഞ്ഞതായി ഇസ്‌കോൺ വക്താവ് രാധാരാമൻ ദാസ് റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിൽ തങ്ങളുടെ സന്യാസിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ ഇസ്‌കോൺ ഘോഷയാത്രകളും പ്രാർത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: