വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ വയ വന്ദനയോടു മുഖം തിരിച്ചു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം മൂലം കേരളത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ഈ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്.
എഴുപതു കഴിഞ്ഞ എല്ലാവര്‍ക്കും, സാമ്പത്തികനില നോക്കാതെ അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന ഈ പദ്ധതി ലോകത്തില്‍ ആകെത്തന്നെ ഏറ്റവും ബൃഹത്തായ ചികിത്സാ സഹായ സംവിധാനമാണ്. മറ്റ് ഏതെങ്കിലും ആരോഗ്യ പദ്ധതിയില്‍ അംഗമായിരുന്നാലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴില്‍ വരുന്ന ഈ പദ്ധതിയ്‌ക്കു കേന്ദ്രം തുടക്കം കുറിച്ചിട്ടു നാളേറെയായി. രജിസ്ട്രേഷനും വളരെ മുന്‍പേ ആരംഭിച്ചു. കേരളത്തിലടക്കം നിരവധി പേര്‍ രജിസ്ട്രേഷന്‍ പുര്‍ത്തിയാക്കി കാര്‍ഡും വാങ്ങി.
ബിജെപി ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇതു നടപ്പാക്കിക്കഴിഞ്ഞു. എന്നിട്ടും കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. കാര്‍ഡുകളുമായി ആശുപത്രിയിലെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു. സര്‍ക്കാര്‍ നിര്‍ദേശമൊന്നും ഇതുസംബന്ധിച്ചു കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി. അതങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റേത് തികച്ചും നിരുത്തരവാദപരമായ നടപടിയാണെന്ന് പറയാതെ വയ്യ. ജനങ്ങള്‍ക്ക് ആനുകൂല്യം നിഷേധിച്ചല്ല രാഷ്‌ട്രീയം കളിക്കേണ്ടതെന്ന് ഇവിടുത്തെ ഇടതു സര്‍ക്കാരിനെ ആരു പറഞ്ഞു ബോധ്യപ്പെടുത്തും? നടപ്പാക്കിയതു നരേന്ദ്ര മോദി സര്‍ക്കാര്‍ ആയതുകൊണ്ട് അതു കേരളത്തിനു ബാധകമല്ലെന്ന നിലപാടിനു ന്യായീകരണമില്ല. കേരളവും ഭാരതത്തിലാണല്ലോ. ഇവിടുള്ളവര്‍ ഭാരതീയരുമാണല്ലൊ. ഇതു കേരളമാണ് എന്നതിനു പകരം ഇതു ഭാരതമാണ് എന്ന് ഇവര്‍ ചിന്തിക്കാന്‍ ഇനി എത്രകാലമെടുക്കുമോ ആവോ. പദ്ധതിപ്രകാരം ചികിത്സാ ചെലവിന്റെ 60 ശതമാനം കേന്ദ്രം തരും. ബാക്കി സംസ്ഥാനത്തിന്റെ ബാധ്യതയാണ്. ഈ തുക കേരളം നല്‍കാത്തതാണ് പ്രശ്നമെന്നാണ് സൂചന.
പൊതുജനാരോഗ്യ രംഗം അടക്കം വിവിധ മേഖലകളില്‍ ശ്രദ്ധേയ പദ്ധതികള്‍ നടപ്പാക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി. നേരത്തേ, കാന്‍സര്‍ മരുന്നുകളുടെ വില കേന്ദ്രം ഗണ്യമായി കുറച്ചിരുന്നു. അതു പൊതുജനത്തിനു കുറച്ചൊന്നുമല്ല ആശ്വാസം പകര്‍ന്നത്. പ്രധാന മരുന്നുകളുടെ ജിഎസ്ടി പകുതിയില്‍ താഴെയായി കുറഞ്ഞതോടെ മരുന്നു വിലയില്‍ കാര്യമായ കുറവു വന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്ന കാര്യം ആലോചനയിലുണ്ടുതാനും. ജനങ്ങളുടെ മനസ്സും വേദനയും മനസ്സിലാക്കിയുള്ള ഇത്തരം തീരുമാനങ്ങളും നടപടികളുമാണ് ജനകീയ സര്‍ക്കാരില്‍ നിന്നു സമൂഹം പ്രതീക്ഷിക്കുന്നത്. രോഗം ആരുടേയും കുറ്റമല്ലല്ലോ. പക്ഷേ, ആ സമീപനം കേരളത്തിലെ സര്‍ക്കാരില്‍ നിന്നു ജനങ്ങള്‍ക്കു കിട്ടാതെ പോകുന്നതു കഷ്ടമാണ്. സാമ്പത്തിക മേഖലയിലടക്കം ജനോപകാരപ്രദമായ പല കേന്ദ്ര പദ്ധതികളുടേയും വിവരം ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കുകയും ചിലവ പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയും ചെയ്ത ചരിത്രവും ഈ സര്‍ക്കാരിനുണ്ട്.
ജനം കഷ്ടപ്പെട്ടാലും തങ്ങളുടെ രാഷ്‌ട്രീയ വൈരികള്‍ക്ക് അംഗീകാരം ലഭിക്കരുതെന്ന വാശിയില്‍ സങ്കുചിത ചിന്തയില്‍ നിന്നുണ്ടാകുന്ന നടപടികളാണ് അതൊക്കെ. അതിന്റെ പുതിയ രൂപമാണ് ഇന്നു കാണുന്നത്.
ആരോഗ്യ-ചികിത്സാ മേഖല പൊതുവെ, സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്തവിധം വിലപിടിച്ചതായി മാറുകയാണിന്ന്. ആധുനിക സംവിധാനങ്ങളും ചികിത്സാ രീതികളും ഈ മേഖലയില്‍ കടന്നു വരുന്നുണ്ടെങ്കിലും അവയുടെ ചെലവു താങ്ങാനാവാത്തതാണ്. മരുന്നുകളുടേയും ചികിത്സാ ഉപകരണങ്ങളുടേയും അനുബന്ധ സാധനങ്ങളുടേയും വിലയും ഏറിനില്‍ക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാനാവുകയുമില്ല. ഈ സാഹചര്യങ്ങളുടെ ഗൗരവത്തിലേയ്‌ക്കു കണ്ണും മനസ്സും അര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു എന്നതു ചാരിതാര്‍ഥ്യ ജനകം തന്നെ. ജനൗഷധി മരുന്നുകളും അവ ലഭ്യമാക്കുന്ന മെഡിക്കല്‍ ഷോപ്പുകളും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ചികിത്സാ സഹായ പദ്ധതികളുമെല്ലാം ഈ നിലയ്‌ക്കുള്ള സ്വാഗതാര്‍ഹമായ നടപടികളാണ്. ഇത്തരം നടപടികളുടെ ഗുണഭോക്താക്കളാകുന്നതിനൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതത്തിനു വേണ്ട മുന്‍കരുതലെടുക്കാനും സമൂഹം തയ്യാറാകുമ്പോഴേ സര്‍ക്കാര്‍ നയങ്ങളുടെ യഥാര്‍ഥ ഗുണഫലം ജനങ്ങളിലെത്തുകയുള്ളു. അതിന് പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള സന്‍മനസ്സ് ഭരിക്കുന്നവര്‍ കാണിക്കുകകൂടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: