India

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാജയമെന്നു തെളിഞ്ഞു, ഇനി പ്രിയങ്കയുടെ ഊഴം, വേണുഗോപാല്‍ പിന്‍നിരയിലേക്ക്

Published by

ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രിയങ്ക ഗാന്ധി വാദ്രയെ കോണ്‍ഗ്രസില്‍ മുന്‍ നിരയിലേക്കു കൊണ്ടുവരാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മാറ്റി പ്രിയങ്കയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയില്‍ ജനങ്ങള്‍ കരുത്തനായ ഒരു നേതാവിനെ കാണുന്നില്ലെന്നും അദ്ദേഹത്തിന്റെ അപക്വമായ നീക്കങ്ങളാണ് പാര്‍ട്ടിയെ ഈയൊരു അവസ്ഥയില്‍ എത്തിച്ചതെന്നുമുള്ള ആക്ഷേപം ഒരു വിഭാഗം ഉയര്‍ത്തുന്നു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കിക്കൊണ്ടുള്ള പരീക്ഷണവും പരാജയപ്പെട്ട നിലയ്‌ക്ക് ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പുകളെ നേരിടുക എന്നതാണ് ഇക്കൂട്ടര്‍ മുന്നോട്ടുവയ്‌ക്കുന്ന ആശയം. പ്രിയങ്ക ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ വോട്ടര്‍മാരില്‍ ഉണര്‍ത്തുമെന്നും അത് കരുത്തായി മാറുമെന്നുമാണ് വിലയിരുത്തല്‍.

എന്നാല്‍ പ്രിയങ്ക വരുന്നത് മുഖ്യമായും ബാധിക്കുന്നത് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയാണ്. ഖാര്‍ഗെയെ മുന്നില്‍ നിര്‍ത്തി രാഹുല്‍ ഗാന്ധിക്ക് വേണ്ടി പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് വേണുഗോപാലാണ്. എന്നാല്‍ പ്രിയങ്ക വരുന്നതോടെ വേണുഗോപാലിന്റെ പിടി അയയും . വേണുഗോപാലിന്റെ ഇടപെടലുകള്‍ പ്രിയങ്കയ്‌ക്ക് അത്ര പഥ്യമല്ല. ഈ അപകടം മുന്‍കൂട്ടിക്കൊണ്ടാണ് വേണുഗോപാലിന്റെ നീക്കങ്ങള്‍.

ഒന്നുകില്‍ പ്രിയങ്ക മുന്‍നിരയിലേക്ക് വരുന്നത് വരുന്നത് തടയുക. അഥവാ രാഹുലില്‍ നിന്ന് മാറി പ്രിയങ്കയുടെ വിശ്വസ്തനാവുക. രണ്ടാമത്തേത് എളുപ്പമല്ലെന്ന് അദ്‌ദേഹത്തിനു തന്നെ അറിയാം. അതിനാല്‍ രാഹുലിനെത്തന്നെ മുന്‍നിര നേതൃസ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പക്ഷത്താണ് വേണുഗോപാല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by