Thiruvananthapuram

സിപിഎം വിഭാഗീയത മറനീക്കി പുറത്ത്; ജില്ലാസെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍

Published by

പോത്തന്‍കോട്: സിപിഎമ്മില്‍ കടുത്ത വിഭാഗീയത ജില്ലയിലും പൊട്ടിത്തെറിയിലേക്ക്. ജില്ലാ സെക്രട്ടറി വി.ജോയിയുടെ നേതൃത്വത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ വിഭാഗത്തെ ഒതുക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രന്റെ അനുയായി ആയ മുല്ലശ്ശേരി മധുവിനെ സിപിഎം മംഗലപുരം ഏര്യാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. തുടര്‍ന്ന് ജോയി വിഭാഗത്തിലെ ജലീലിനെ പുതിയ സെക്രട്ടറിയായി പരിഗണിച്ചു. ഇതോടെ ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മധുരംഗത്ത് എത്തി.

ജില്ലാ സെക്രട്ടറി ജോയിയുടെ വിഭാഗീയത പ്രവര്‍ത്തനത്തില്‍ നിരവധി പാര്‍ട്ടി അംഗങ്ങളിലും പരാതി ഉള്ളതായും ഭയന്ന് ആരും ഏറ്റുപറയാന്‍ തയ്യാറാകുന്നില്ലന്നന്നും മുല്ലശ്ശേരി മധു പറഞ്ഞു. സിപിഎം മംഗലപുരം ഏര്യാ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലശ്ശേരി മധു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജോയി എത്തിയതിന് ശേഷം തന്നോട് വിഭാഗീയത പുലര്‍ത്തിയിരുന്നു. മംഗലപുരം ഏരിയ കമ്മിറ്റിയെ തകര്‍ക്കാന്‍ ജോയി ശ്രമിച്ചുവെന്നും മധു പറഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റപ്പോള്‍ സന്തോഷിച്ച ആളാണ് ജില്ല സെക്രട്ടറിയെന്നും സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചതായും ആരോപണങ്ങള്‍ ഉണ്ടെന്നും മധു വ്യക്തമാക്കി.

പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും രാവിലെ ഒമ്പത് മണിക്കാണ് പാര്‍ട്ടി ഏര്യാ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിഞ്ഞതെന്നും മധു പറഞ്ഞു. ഇതെല്ലാം ജോയി നടത്തിവന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ജോയി ജില്ലാ സെക്രട്ടറി ആയിരിക്കുന്നിടത്തോളം ഏര്യാ സെക്രട്ടറി എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് വരും ദിവസങ്ങളില്‍ തന്നെ പുറത്താക്കിക്കൊണ്ട് അറിയിപ്പുണ്ടാകാനാണ് സാധ്യത. അത് മനസിലാക്കിക്കൊണ്ടാണ് അതിന് മുമ്പ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. താന്‍ ഒറ്റയ്‌ക്കല്ലെന്നും തനിക്കൊപ്പം നിരവധി പ്രവര്‍ത്തകരുമുണ്ടെന്നും മധു പറഞ്ഞു. അതേസമയം വര്‍ഗ്ഗീയ ശക്തികളുടെ ഇടപെടലാണ് പുതിയ ഏര്യാ സെക്രട്ടറിയായി ജലീലിനെ എത്തിച്ചതെന്നും ജലീല്‍ പ്രദേശത്തെ എസ്ഡിപിഐ, ജമാത്തെ ഇസ്ലാം എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്നും ആരോപണം ഉയരുന്നിട്ടുണ്ട്.
ഏര്യാ സമ്മേങ്ങളില്‍ കടകംപള്ളി വിഭാഗത്തെ നിലംപരിശാക്കുന്ന തരത്തിലാണ് ഏര്യാ കമ്മറ്റി അംഗങ്ങളെ തീരുമാനിക്കുന്നത്. ഔദ്യോഗിക വിഭാഗത്തിന് മേല്‍കൈവരുന്ന തരത്തിലാക്കാന്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലും ഒഴിവാക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക