കണ്ണൂര്‍: വളപട്ടണം മന്നയിലെ മൊത്ത അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് അകത്ത് കടന്ന് മോഷണം നടത്തിയതായി വ്യക്തമാണ്. 250ഓളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത് കണ്ണൂർ പോലീസ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലഭിച്ച ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്. പ്രതി ലിജീഷിൽ നിന്നും പിടിച്ചെടുത്ത തൊണ്ടിമുതൽ പോലീസ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. 267 പവനും 1.27 കോടി രൂപയും കണ്ടെടുത്തു. പ്രവാസിയായിരുന്ന ലിജീഷ് നേരത്തേയും മോഷണക്കേസുകളിൽ പ്രതിയാണ്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു. ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെ ചുരുളഴിയാതെ കിടന്ന കീച്ചേരി മോഷണ കേസിലും തുമ്പുണ്ടായിരിക്കുകയാണ്.
കീച്ചേരിയിലെ വീട്ടില്‍നിന്ന് ലിജീഷ് 11 പവന്‍ മോഷ്ടിച്ചിരുന്നതായും പോലീസ് പറയുന്നു. അന്ന് തൊണ്ടിമുതല്‍ കണ്ടെത്താനോ പ്രതിയെ പിടികൂടാനോ സാധിച്ചിരുന്നില്ല. വിരലടയാളത്തിൽനിന്നാണ് അന്ന് മോഷണം നടത്തിയത് ഇയാൾത്തന്നെയാണെന്ന് പോലീസിന് മനസ്സിലായത്.
സ്വന്തം വീട്ടിലെ മുറിയിൽ കട്ടിലിനടിയിൽ നിർമിച്ച രഹസ്യ അറയിലാണ് മോഷണ വസ്തുക്കൾ ലിജീഷ് ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് കമ്മിഷണർ വ്യക്തമാക്കി. മോഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പുറത്തു വിട്ടു. ലിജീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടു പുറകേ ഇയാളുടെ വീട്ടിലെത്തി തൊണ്ടിമുതൽ പിടിച്ചെടുത്തുവെന്നും കമ്മിഷണർ വ്യക്തമാക്കി.
മോഷണം നടന്ന കെ.പി. അഷ്‌റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് ലിജീഷ് താമസിക്കുന്നത്. ഒരുമതിലിന് ഇരുപുറവുമാണ് രണ്ടുവീടുകളും. അഷ്‌റഫിന്റെ വീട് ലിജീഷ് നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. നവംബര്‍ 19-ന് അഷ്‌റഫും കുടുംബവും വീട് പൂട്ടി മധുരയിലേക്ക് പോയെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. ഒരുകോടി രൂപയും 300 പവനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിന്റെ പകുതി ആദ്യത്തെ ദിവസം മോഷ്ടിച്ചു. പിന്നീട് 21-ാം തീയതി വീണ്ടും വീട്ടില്‍ കയറി ശേഷിക്കുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു.
വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന ലിജീഷ് വെൽഡിങ് തൊഴിലാളിയാണ്. മോഷണം പുറത്തറിഞ്ഞപ്പോൾ നാട്ടുകാർക്കൊപ്പം ലിജീഷും പ്രദേശത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലിജീഷിന്റെ വീട്ടിലും പോലീസ് എത്തിയിരുന്നു. അതേസമയം, ലിജീഷിന്റെ തലയിലും ശരീരത്തിലും ചിലന്തിവലകളുണ്ടായിരുന്നു. മോഷണം നടന്ന സ്ഥലത്തും ഈ ചിലന്തിവലകളുണ്ടായിരുന്നു. ശരീരത്തിലെ ചിലന്തിവലകള്‍ ശ്രദ്ധിച്ച പോലീസ് എന്തുപറ്റിയതാണെന്ന് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.
ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ആറുമണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകിട്ട് ആറുവരെ ചോദ്യംചെയ്തു. ഈ സമയത്തൊന്നും കുറ്റംസമ്മതിക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതിന് ശേഷമാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക