തൃശൂര്‍: തൃശൂര്‍നഗരത്തിലെ രാത്രികള്‍ക്ക് ഇപ്പോള്‍ പാലപ്പൂവിന്റെ ഗന്ധമാണ്. വൃശ്ചികമാസം പിറന്നത്തോടെ ഏഴിലം പാലകള്‍ പൂത്ത് നഗരത്തിലെങ്ങും സുഗന്ധം പരത്തുന്നു. വൃശ്ചികത്തിന് തൊട്ട് മുന്‍പ് പൂവിന്റെ കായ്കള്‍ വിടരാന്‍ തുടങ്ങും. അപ്പോള്‍ വശ്യഗന്ധമായിരിക്കും.
പിന്നീട് വൃശ്ചികത്തിന്റെ പുലര്‍ക്കാല മഞ്ഞ് പെയ്തു തുടങ്ങുമ്പോള്‍ പകല്‍ മുഴുവന്‍ ഗന്ധം അടക്കിപ്പിടിച്ച് രാത്രികാലങ്ങളില്‍ സുഗന്ധം പരത്തും.
വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ അമ്പലപറമ്പിലും, പാറമേക്കാവ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന് സമീപവും, നഗരത്തിന്റെ മറ്റു പ്രധാന വഴികളിലും പൂര്‍വ്വികര്‍ നട്ടുവളര്‍ത്തിയ ഏഴിലം പാലമരങ്ങള്‍ കുലകുലയായ് പൂക്കുടന്നകള്‍ വിടര്‍ത്തി, നഗരത്തിന്റെ രാത്രികാലം പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിഗന്ധത്താല്‍ സമ്പന്നമാക്കിയിരിക്കുകയാണ്.
പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗദൃഢഗാത്രരായ പുരുഷന്‍മാരും ഇരിക്കാന്‍ പാടില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്.
അതിനു കാരണമായി അവര്‍ പറയുന്നത്, പകല്‍ ഗന്ധര്‍വ്വന്‍മാരും രാത്രി യക്ഷികളും പാലമരത്തില്‍ കാത്തിരിക്കുന്നു എന്നതാണ്.
എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് പകല്‍ ഈ മരത്തിന്റെ അടിയിലെ പ്രത്യേകതരം നേര്‍ത്ത ഗന്ധം സ്ത്രീകളിലെ ഹോര്‍മ്മോണുകളില്‍ വ്യതിയാനം സൃഷ്ടിക്കും എന്നും വിഷജന്തുകള്‍ രാത്രി കാലങ്ങളില്‍ ഈ വൃക്ഷ ചുവട്ടില്‍ എത്തും എന്നുമാണ് .
ആയുര്‍വേദത്തില്‍ പാലമരം ഒരു സംഭവമാണ്. വാതം, പിത്തം, ത്വക്ക് രോഗം, മലേറിയ, അള്‍സര്‍, അപസ്മാരം, ദഹനക്കുറവ്, പനി എന്നിവക്ക് പാലയുടെ ഇല, തൊലി, പാലക്കറ എന്നിവ അത്യുത്തമമാണ്.
അമൃതാരിഷ്ടം, മഹാതിക്തക ഘൃതം, മഹല്‍ പഞ്ചഗവ്യ ഘൃതം എന്നിവയില്‍ പാല ഒരു ഘടകമാണ്. പാലയുടെശാസ്ത്രീയ നാമം അസ്റ്റോണിയ സ്‌കോളാരിസ് എന്നാണ് , ദക്ഷിണാഫ്രിക്കയാണ് ജന്മദേശം.
1973 ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത കാട് എന്ന ചിത്രത്തില്‍ ശ്രീകുമരന്‍ തമ്പി രചന നിര്‍വഹിച്ച് ദേവ്പാല്‍വര്‍മ്മ സംഗീതം ചെയ്ത് യേശുദാസും, പി.സുശീലയും ആലപിച്ച ഏഴിലം പാല പൂത്തു എന്ന ഗാനം ഇന്നും മലയാളികളുടെ രോമാഞ്ചമാണ്. രാത്രി നഗരത്തിലെത്തുന്നവര്‍ക്ക് പാലപ്പൂവിന്റെ ഗന്ധവും ഈ പാട്ടും ഒരുമിച്ച് ആസ്വദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക