തൃശൂര്‍: കേരളത്തിന്റെ പക്ഷിവൈവിദ്ധ്യത്തിലേയ്‌ക്ക് പുതിയൊരിനം പക്ഷി കൂടി.ആഫ്രിക്കന്‍ ചേരാകൊക്കനെയാണ് (ആഫ്രിക്കന്‍ ഓപ്പണ്‍ബില്‍) കേരളത്തില്‍ കാഞ്ഞാണി കോള്‍പ്പാടത്ത് നിന്ന് സുബിന്‍ കെ.എസ് ആദ്യമായി കണ്ടെത്തിയത്. മുന്‍പ് ഗോവയില്‍ ഇവയെ കണ്ടതായി ഇബേഡ് ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പഠനങ്ങളില്ലാത്തതിനാല്‍ ഇന്ത്യയിലെ പക്ഷികളിലേയ്‌ക്ക് കൂട്ടിച്ചേര്‍ന്നിരുന്നില്ല. സൗത്ത് ഏഷ്യന്‍ ഓര്‍ണിത്തോളജി ജേര്‍ണലായ ഇന്ത്യന്‍ ബേഡ്‌സ് 2024 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തോടെ ആഫ്രിക്കന്‍ ചേരാക്കൊക്കന്‍ ഇന്ത്യയുടെ പക്ഷികളിലേയ്‌ക്കും ചേര്‍ക്കപ്പെട്ടു. ഇതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണം 558 ആയി.
പക്ഷിനിരീക്ഷകനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുമായ സുബിന്റെ കാഞ്ഞാണി കോള്‍പ്പാടത്തെ പക്ഷിനിരീക്ഷണ സര്‍വ്വെയുടെ ഭാഗമായിട്ടാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. പരിസ്ഥിതി സംഘടനയായ കോള്‍ ബേഡേഴ്‌സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന നിരവധി ജൈവവൈവിദ്ധ്യ പഠന-ഗവേഷണ- പരിപാടികളുകളുടെ കോഡിനേറ്റര്‍ കൂടിയാണ് സുബിന്‍. ആഫ്രിക്കയിലെ തദ്ദേശവാസികളായ ഈ ഇനം ചേരാകൊക്കന്മാര്‍ അപൂര്‍വമായാണ് ഇത്രയധികം ദൂരം ദേശാടനം നടത്തുന്നത്. നമ്മുടെ നാട്ടിലെ ഏഷ്യന്‍ ഓപ്പണ്‍ബില്ലിന്റെ മറ്റൊരു വിഭാഗമാണ് ആഫ്രിക്കന്‍ ഓപ്പണ്‍ബില്‍. ഏഷ്യയില്‍ ഒമാനിലും, സൗദി അറേബ്യയിലും മാത്രമാണ് മുന്‍പ് ഇവയുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക