അരിമ്പൂര്‍: മകന്റെയും ഭാര്യയുടെയുടെയും മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ വീടുവിട്ടിറങ്ങിയ വയോധികരായ മാതാപിതാക്കളെ സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് അനാഥാലയത്തിലേക്ക് മാറ്റി.
അരിമ്പൂര്‍ കൈപ്പിള്ളി റിങ്ങ് റോഡില്‍ താമസിക്കുന്ന പ്ലാക്കന്‍ വീട്ടില്‍ തോമസ് (79), ഭാര്യ റോസിലി (76) എന്നിവരാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായി കാണിച്ച് അന്തിക്കാട് പോ ലീസില്‍ പരാതി നല്‍കിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ മാലാ രമണന്റെ നേതൃത്വത്തില്‍ വയോധികരെ മണലൂരിലുള്ള അഗതി മന്ദിരങ്ങിലേക്ക് മാറ്റുകയായിരുന്നു. അരിമ്പൂരിലെ തീപ്പെട്ടി കമ്പനിയിലെ തൊഴിലാളിയായിരുന്നു തോമസ്. മകനോടൊപ്പമായിരുന്നു താമസം.
റോസിലിയെ മരുമകള്‍ സ്ഥിരമായി മര്‍ദ്ദിക്കാറുള്ളതായി അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മകന്റെ ഒത്താശയോടെ മരുമകള്‍ മുഖത്തും തലയിലും മര്‍ദ്ദിച്ച് റോസിലിയെ വശംകെടുത്തിയതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് തോമസ് പറഞ്ഞു.
മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ നാട്ടുകാരാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് കൗണ്‍സിലര്‍ മാലാ രമണനും അന്തിക്കാട് പോലീസും ഇവരുടെ വീട്ടിലെത്തി.
ജോലിക്ക് പോയ മരുമകള്‍ തിരിച്ചെത്തുമ്പോള്‍ വീട്ടില്‍ തങ്ങളെ കണ്ടാല്‍ വീണ്ടും ഉപദ്രവിക്കും എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ തോമസും റോസിലിയും തങ്ങളുടെ സാധനങ്ങള്‍ കെട്ടിപ്പറുക്കി വീട് വിട്ടു പോകാന്‍ നില്‍ക്കുകയായിരുന്നു ഈ സമയം. സാമൂഹ്യനീതി വകുപ്പാണ് ഇവര്‍ക്കായി താമസസ്ഥലം കണ്ടെത്തിയത്.
അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയശേഷം ഇരുവരും വാര്‍ഡ് മെമ്പര്‍ ജില്ലി വിത്സണ്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥ മാലാ രമണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മണലൂരില്‍ ഉള്ള അഗതിമന്ദിരങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു.
പരാതി ലഭിച്ച സാഹചര്യത്തില്‍ വയോധികര്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക