ആലപ്പുഴ: നഗരത്തില്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലെ മഖാം മസ്ജിദിനോട് ചേര്‍ന്നുള്ള പുരാതന ഖബര്‍സ്ഥാനില്‍ വയോധികയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പള്ളിയും ഖബര്‍സ്ഥാനും വില കൊടുത്തു വാങ്ങിയ ബാദുഷാ സഖാഫിയുടെ നേതൃത്വത്തിലാണ് സംസ്‌കാര കര്‍മം തടഞ്ഞത്. സംസ്‌കാരത്തിന്റെ മുന്നോടിയായി ഖബര്‍ ഒരുക്കാനെത്തിയ വയോധികയുടെ ബന്ധുക്കളെ ബാദുഷ സഖാഫിയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ശനിയാഴ്ച അന്തരിച്ച സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് നടുവിലപ്പറമ്പില്‍ ഹനീഫ ബീവിയുടെ (101) മൃതദേഹ സംസ്‌കാര കര്‍മ്മമാണ് ബാദുഷാ സഖാഫിയുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമിച്ചത്.
നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ബാദുഷാ സഖാഫി തന്നെ പോലീസിനെ വിളിച്ചു വരുത്തി ഖബറടക്കം തടയണമെന്നാവശ്യപ്പെട്ടു. എന്നാല്‍, വയോധികയുടെ ബന്ധുക്കള്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ ഹാജരാക്കി, മഖാം മസ്ജിദിനോട് ചേര്‍ന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലം പൊതുശ്മശാനമാണെന്ന് ബോധ്യപ്പെടുത്തിയതോടെ പോലീസ് സംരക്ഷണത്തില്‍ ഖബര്‍ കുഴിക്കുകയും ഇവിടെ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഖാം പള്ളിയും ഖബര്‍സ്ഥാനും നാട്ടുകാര്‍ അറിയാതെ ഇതിന്റെ നടത്തിപ്പുകാരില്‍ നിന്ന് അനധികൃതമായി വില കൊടുത്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നാട്ടുകാരും ചന്തിരൂര്‍ സ്വദേശിയായ ബാദുഷാ സഖാഫിയും തമ്മില്‍ നാളുകളായി തര്‍ക്കവും കേസും നിലനില്‍ക്കുകയായിരുന്നു.
ജില്ലാ ഭരണകൂടവും റവന്യൂ, തദ്ദേശ സ്ഥാപന അധികാരികളും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഖബര്‍സ്ഥാന്‍ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുള്ളതാണ്. മൃതദേഹ സംസ്‌കരണം തടയാന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത ബാദുഷ സഖാഫിയുടെ നടപടിയില്‍ മഖാം വഖഫ് സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി. മൃതദേഹ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മഖാംപള്ളിയും ഖബര്‍സ്ഥാനും വഖഫ് ബോര്‍ഡ് ഏറ്റെടുത്ത് ഇതിന്റെ പരിപാലനം നാട്ടുകാരെ ഏല്‍പ്പിക്കണമെന്ന് സമിതി ചെയര്‍മാന്‍ ഹാമിദ് യാഫി, കണ്‍വീനര്‍ എ.എം അഷ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക