കണ്ണൂർ: വളപട്ടണം കവർച്ചാകേസിൽ ഒരാൾ കസ്റ്റഡിയിൽ. മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ അഷ്റഫിന്റെ അയൽവാസിയാണ് പിടിയിലായത്. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.കവർച്ച ചെയ്ത പണവും ആഭരണങ്ങളും വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തെന്നും റിപ്പോർട്ടുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വെൽഡിങ് തൊഴിലാളിയായ വിജേഷ്.ഒരാൾ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. റൂറൽ എസ്പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അഷ്റഫിന്റെ വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെ വിജേഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകിട്ട് തിരിച്ച് വാങ്ങാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: