Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

Published by

മാവേലിക്കര: രാജ്യത്തിന്റെ അടിസ്ഥാന അസ്തിത്വത്തെ നശിപ്പിക്കുന്ന ഒന്നാണ് കള്‍ച്ചറല്‍ മാര്‍ക്സിസമെന്നും ഇതിനെ ശക്തമായി നേരിടുന്നതിന് മഹിളാ ഐക്യവേദി മുന്നിട്ടിറങ്ങണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു.

മഹിളാ ഐക്യവേദിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ അടിത്തറ കുടുംബങ്ങളില്‍ അധിഷ്ഠിതമാണ്. രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ദുഷ്ട ശക്തികളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയണം.

മൈ ബോഡി ഈസ് മൈ ചോയ്സ് എന്ന സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്ത് കുട്ടികളുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സിനിമാതാരം ശ്രുതിബാല സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തലം മുതലുള്ള അംഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് ശക്തമായ പ്രവര്‍ത്തനത്തിലൂടെ സനാതനധര്‍മ്മസംരക്ഷണത്തിനും സ്ത്രീ ഉന്നമനത്തിനും വേണ്ടി പോരാടുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മഹിളാ ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി ഡോ. ദേവകി അന്തര്‍ജനം, ട്രഷറര്‍ രമണി ശങ്കര്‍, വൈസ് പ്രസിഡന്റുമാരായ രത്‌ന എസ്. ഉണ്ണിത്താന്‍, പ്രൊഫ. സിന്ധു രാജീവ്, സംസ്ഥാന സമിതി അംഗങ്ങളായ ശാന്തി ഗോവിന്ദ്, യമുന വത്സന്‍, അലീന പൊന്നു, സെക്രട്ടറിമാരായ സൂര്യ പ്രേം, ഉഷാദേവി പി. നമ്പൂതിരി, പി.കെ. ഗിരിജ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമനാ മുരളി സ്വാഗതവും, സെക്രട്ടറി ഗിരിജാകുമാരി നന്ദിയും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക