പ്രവേശന പരീക്ഷ (നിഫ്റ്റി-2025) ഫെബ്രുവരി 9ന്
വിജ്ഞാപനം പ്രോസ്‌പെക്ടസ് https://exams.nta.ac.in/NIFT ല്‍
അപേക്ഷാ ഫീസ് ഓരോ പ്രോഗ്രാമിനും 3000 രൂപ, എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാര്‍ക്ക് 1500 രൂപ
ജനുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീസോടുകൂടി 7-9 വരെ അപേക്ഷ സ്വീകരിക്കും.
ബിഎഫ്‌ടെക് ,ബിഡെസ് കോഴ്‌സുകളില്‍ പ്ലസ്ടു/ ഡിപ്ലോമകാര്‍ക്ക് അവസരം
നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (NIFT) വിവിധ കാമ്പസുകളിലായി 2025 വര്‍ഷം നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ദേശീയ തലത്തില്‍ ഫെബ്രുവരി 9ന് സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷയില്‍ (നിഫ്റ്റീ-2025) പങ്കെടുക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് http://exams.nta.ac.in/NIFT ല്‍ ലഭിക്കും.
കോഴ്‌സുകള്‍: (1) ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്) 4 വര്‍ഷം, സ്‌പെഷ്യലൈസേഷനുകള്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, അക്‌സസറി ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ഇന്റീരിയേഴ്‌സ്.
(2) ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബിഎഫ്‌ടെക്), 4 വര്‍ഷം സ്‌പെഷ്യലൈസേഷന്‍- അപ്പാരല്‍ പ്രൊഡക്ഷന്‍.
പ്രവേശനയോഗ്യത- ഹയര്‍സെക്കന്ററി/ പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. അംഗീകൃത ത്രിവത്സര/ നാലുവര്‍ഷ ഡിപ്ലോമാക്കാരെയും പരിഗണിക്കും. ബിഎഫ്‌ടെക് കോഴ്‌സിലേക്ക് പ്ലസ്ടുതലത്തില്‍ മാത്തമാറ്റിക്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ചിരിക്കണം. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 24 വയസിന് താഴെയാവണം. പട്ടികജാതി/ വര്‍ഗ്ഗ, ഭിന്നശേഷിക്കാര്‍ക്ക് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവുണ്ട്.
(3) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എംഎഫ്എം) മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളി (എംഎഫ്‌ടെക്), രണ്ട് വര്‍ഷം.
പ്രവേശനയോഗ്യത- എംഡെസ്, എംഎഫ്എം കോഴ്‌സുകള്‍ക്ക് ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം അല്ലെങ്കില്‍ NIFT/NID ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എംഎഫ്‌ടെക് കോഴ്‌സിന്
ബിഎഫ്‌ടെക്/ബിഇ/ബിടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധിയില്ല.
കാമ്പസുകള്‍: എന്‍ഐഎഫ്ടികേരളത്തില്‍ കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്താകെ 19 കാമ്പസുകളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. കണ്ണൂരില്‍ ലഭ്യമായ കോഴ്‌സുകളും സീറ്റുകളും-ബിഡെസ്-ഫാഷന്‍ കമ്മ്യൂണിക്കേഷന്‍-34 (കേരളത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 7 സീറ്റ് നീക്കിവച്ചിട്ടുണ്ട്), ഫാഷന്‍ ഡിസൈന്‍-34 (7), നിറ്റ് വെയര്‍ -34(7),ടെക്‌സ്റ്റൈല്‍ ഡിസൈന്‍-34 (7), ബിഎഫ്‌ടെക്-അപ്പാരല്‍ പ്രൊഡക്ഷന്‍-34 (7), എംഡെസ് -34 (7), എംഎഫ്എം-34 (7).
ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ദാമന്‍, ഗാന്ധിനഗര്‍, ഹൈദ്രബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂദല്‍ഹി, റായ്ബറേലി, പാറ്റ്‌ന, പഞ്ചകുല, ഷില്ലോംഗ്, കാന്‍ഗ്ര, ജോധ്പൂര്‍, ഭുവനേശ്വര്‍, ശ്രീനഗര്‍, വാരാണസി എന്നിവിടങ്ങളിലാണ് മറ്റ് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കാമ്പസിലും ലഭ്യമായ കോഴ്‌സുകളും സീറ്റുകളും പ്രോസ്‌പെക്ടസിലുണ്ട്.
പ്രവേശന പരീക്ഷ: ബിഡെസ്, എംഡെസ് പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റിലും (ഗാട്ട്) ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റിലും (ക്യാറ്റ്) യോഗ്യത നേടണം.
ബിഎഫ്‌ടെക്, എംഎഫ്എം, എംഎഫ് ടെക് പ്രവേശനത്തിന് ‘ഗാട്ടില്‍’ യോഗ്യത നേടിയാല്‍ മതി. ഗാട്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും ‘ക്യാറ്റ്’ പേപ്പര്‍ അധിഷ്ഠിത പരീക്ഷയുമാണ്. പരീക്ഷ ഘടനയും സിലബസും സമയക്രമവുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്.
അപേക്ഷ: ഫീസ് ഓരോ കോഴ്‌സിനും ഓപ്പണ്‍/ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3000 രൂപയും എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1500 രൂപയുമാണ്. രണ്ട് കോഴ്‌സുകള്‍ക്ക് യഥാക്രമം 4500 രൂപ, 2250 രൂപ എന്നിങ്ങനെ നല്‍കിയാല്‍ മതി. എന്‍ആര്‍ഐ/വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 125 ഡോളറാണ് അപേക്ഷാ ഫീസ്. ബാങ്ക് സര്‍വീസ് ചാര്‍ജ് കൂടി നല്‍കണം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും അപേക്ഷാ സമര്‍പ്പണത്തിനും ജനുവരി 6 വരെ വെബ്‌സൈറ്റില്‍ സൗകര്യം ലഭിക്കും.
ജനുവരി 7-9 വരെ അപേക്ഷിക്കുന്നവര്‍ ലേറ്റ് ഫീസായി 5000 രൂപ കൂടി നല്‍കേണ്ടതുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് ജനുവരി 10 മുതല്‍ 12 വരെ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: