Varadyam

ചിത്രന്റെ സഞ്ചാര വീഥികള്‍

Published by

സുഹൃത്തുക്കളേ, ഞാന്‍ ഇപ്പോഴുള്ളത് നേപ്പാളിലെ അപി ഹിമാലിലാണ്. നിങ്ങളെ ഞാന്‍ ഒരു മനോഹര കാഴ്ചയാണ് കാണിക്കുന്നത്. ഇതാ കണ്ടോളൂ…

ഈണത്തിലുള്ള ഈ വാക്കുകള്‍ കേള്‍ക്കാത്ത മലയാളികളില്ല. കണ്ണൂര്‍ പിലാത്ര സ്വദേശിയായ ചിത്രന്റെ വാക്കുകളാണിത്. ദീര്‍ഘദൂര സോളോയാത്രകളിലൂടെ ചിത്രന്‍ ഇതിനോടകം മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു. താമസിക്കാന്‍ വേണ്ട ടെന്റും ഭക്ഷണ സാധനങ്ങളും ബാഗിലാക്കി ഭാരതത്തിന്റെ ഗ്രാമങ്ങളിലൂടെ കാല്‍നടയായി നടക്കുകയാണ് ചിത്രന്‍. തന്റെ ക്യാമറക്കണ്ണുകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഒരു ഫില്‍ട്ടറുമില്ലാതെ ചിത്രീകരിച്ച് അത് ഠൃമ്‌ലഹീഴൗല യ്യ ഇവശവേൃമി എന്ന യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യങ്ങളിലൂടെയും കാഴ്ചക്കാരിലേക്ക് എത്തിക്കുകയാണ് അദ്ദേഹം.

സുവര്‍ണ നിറത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രന്‍

ആഗ്രഹം ചിത്രനെ സഞ്ചാരിയാക്കി

കണ്ണൂരിലെ സ്‌കൂള്‍ പഠനകാലം തൊട്ട് ചിത്രന് സ്‌കൂള്‍, വീട് എന്നതല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു. എന്നാല്‍ കോളജിലെത്തിയ ശേഷം യാത്രയെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. ഉത്തര ഹിമാലയന്‍ പ്രദേശങ്ങളുടെയും നേപ്പാളിന്റെയും ഉള്‍ഗ്രാമങ്ങളുടെ മനോഹാരിതയെക്കുറിച്ച് അറിഞ്ഞതോടെ മോഹം മൊട്ടിട്ടു. പിന്നീട് ഹിമാലയം ലക്ഷ്യമായി. എന്നാല്‍ സാമ്പത്തികം ചിത്രനെ പിന്നോട്ട് വലിച്ചു. യാത്രയോടുള്ള അടങ്ങാത്ത അഭിനിവേശം കാല്‍നട യാത്രയ്‌ക്ക് വഴിമാറി. ടെന്റും, ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും പാകം ചെയ്യുന്നതിനുള്ള സാമഗ്രികളും അടങ്ങുന്ന 55 കിലോ ഭാരമുളള ബാഗുമായി യാത്ര തുടങ്ങി. കേരളം മുതല്‍ അങ്ങ് വടക്കോട്ട് ദീര്‍ഘദൂര കാല്‍ നടയാത്ര. പല സ്ഥലങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ താമസ സൗകര്യങ്ങളും ഭക്ഷണവും സൗജന്യമായി നല്‍കി. റൂമെടുത്ത് താമസിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഉത്തരഭാരതത്തിലെ ഗുരുദ്വാരകള്‍ ആശ്വാസമായി. മൂന്ന് നേരം ഭക്ഷണവും താമസിക്കുവാനുമുള്ള സൗകര്യം അവിടെ ലഭിച്ചു. വഴിയരികിലും ധാരാളം കിടന്ന് ഉറങ്ങി. യാത്രകളോട് വീട്ടുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു.

സുഹൃത്തുക്കളേ എന്ന അഭിസംബോധന

കേട്ടിട്ടുള്ളതില്‍ വച്ചേറ്റവും നല്ല മലയാള വാക്കാണ് സുഹൃത്തുക്കളേ എന്നാണ് ചിത്രന്‍ പറയുന്നത്. യാത്ര തുടങ്ങുന്ന സമയത്ത് കണ്ണൂര്‍ ശൈലിയിലുള്ള മലയാള ഭാഷ മാത്രമായിരുന്നു വശം. തുടക്കസമയത്ത് സുഹൃത്തുക്കളെ എന്ന അഭിസംബോധനയെ പലരും വിമര്‍ശിച്ചു. പക്ഷേ മാറ്റിയില്ല. എല്ലാവരേയും അങ്ങനെ വിളിക്കാനാണ് ചിത്രന് ഇഷ്ടം.

ഇപ്പോള്‍ ആര്‍ഭാടങ്ങളില്ലാത്ത കൊച്ചു വലിയ യാത്രയ്‌ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയായി. അതും ഈ വര്‍ഷത്തെ കേരളപ്പിറവി ദിനത്തില്‍. തന്റെ യാത്രാ വിശേഷങ്ങള്‍ ആരും കാണുമെന്ന് പ്രതീക്ഷിച്ചല്ല ചിത്രന്‍ യാത്ര തുടങ്ങിയത്. എത്ര പണമുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പോകാന്‍ സാധിക്കില്ല. അങ്ങനെയുള്ള ഇടങ്ങളിലേക്ക് യാത്രചെയ്യാന്‍ സാധിച്ചെന്നാണ് ചിത്രന്‍ പറയുന്നത്. ഹിമാലയത്തില്‍ ഹെലികോപ്റ്ററില്‍ പോകേണ്ട സ്ഥലങ്ങളിലും ചിത്രന്‍ കാല്‍നടയായി ചെന്നെത്തി. ഹിമാലയന്‍ പ്രദേശത്തെ കാട്ടിലൂടെ നടക്കുമ്പോള്‍ ഗ്രാമവാസികള്‍ വഴികാട്ടികളാവും.

വാഹനസൗകര്യങ്ങളില്ലാത്ത ഹിമാലയന്‍ അടിവാരത്തിലെ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം അനുഭവങ്ങളേറെ ചിത്രന് സമ്മാനിച്ചു. ഗ്രാമവാസികളുടെ ഉള്ളറിയാനും അവരുടെ സംസ്‌കാരങ്ങളും ഭക്ഷണവിഭവങ്ങളും, ജീവിത രീതികളും അനുഭവിച്ചറിയാനും സാധിച്ചു.

നടന്നത് പതിനായിരം കിലോമീറ്ററിലേറെ

ജീവിതത്തില്‍ ഇതുവരെ വിമാന യാത്ര നടത്തിയിട്ടില്ല. ട്രെയിനില്‍ കയറിയിട്ടുള്ളത് ഒരു പ്രാവശ്യം. ബാക്കി യാത്രകളൊക്കെ നടന്നുതന്നെ. ചില ഉള്‍പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ ലോറികളേയും മറ്റ് ഗുഡ്‌സ് വാഹനങ്ങളേയും ആശ്രയിച്ചിരുന്നു. നേപ്പാളിലൂടെ മാത്രം നാലായിരം കിലോമീറ്റര്‍ ദൂരം നടന്നു. ബാക്കി ഭാരതത്തിലൂടെ.

സോളാര്‍ പാനലും പവര്‍ ബാങ്കും

മൊബൈല്‍, ക്യാമറ എന്നിവ ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ പാനല്‍ കരുതിയിട്ടുണ്ട്. അത് ബാഗില്‍ ഫിറ്റ് ചെയ്താണ് ചാര്‍ജ്ജ് ആകുന്നത്. ഗ്രാമങ്ങളില്‍ തങ്ങുമ്പോള്‍ പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യും. മൊബൈല്‍ റീ ചാര്‍ജ്ജ് നാട്ടിലുള്ള സുഹൃത്തുക്കളാണ് ചെയ്യുന്നത്. ഒരു സ്ഥലത്ത് താമസിച്ച് രണ്ടോ മൂന്നോ വീഡിയോ എഡിറ്റ് ചെയ്ത് അപ്‌ലോഡാക്കുന്നതാണ് ചിത്രന്റെ രീതി.

ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ്

ഗ്രാമങ്ങളിലൂടെയുള്ള യാത്രയാണ് ചിത്രനെ ഏറെ അത്ഭുതപ്പെടുത്തിയത്. ഗ്രാമങ്ങളിലൂടെ സഞ്ചാരികള്‍ വരുന്നത് വളരെ അപൂര്‍വമാണ്. ഹിമാലയന്‍ മലയുടെ അടിവാരങ്ങളില്‍ താമസിക്കുന്നവരുടെ കൃഷി രീതികള്‍ക്ക് പ്രത്യേകതയുണ്ട്. ഓര്‍ഗാനിക് കൃഷിരീതിയാണ് അവര്‍ ചെയ്യുന്നത്. ചിത്രനെ വീടുകളില്‍ താമസിപ്പിക്കുവാനും പരമ്പരാഗത രീതിയില്‍ സ്വീകരിക്കുവാനും ഗ്രാമീണര്‍ മത്സരിച്ചു. കേരളത്തില്‍ നിന്നും നടന്നാണ് വരുന്നതെന്ന് പറയുമ്പോള്‍ അവര്‍ക്ക് വളരെ അത്ഭുതമാണ്. അവര്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ചില ഗ്രാമങ്ങളില്‍ ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു. ഇവിടെ കിടക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റുമാരും എംഎല്‍എമാരും പോലീസുകാരുമെല്ലാം ഏറെ സഹായിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പട്ടാളക്കാരും ഏറെ സഹായിച്ചിട്ടുണ്ട്.

നേപ്പാളിലെ അപി ഹിമാല്‍

സ്വര്‍ഗം പോലെ ഗ്രാമങ്ങള്‍

ഗ്രാമവാസികളുടെ ജീവിതത്തില്‍ ചിത്രന്‍ കണ്ടത് അവരുടെ ജീവിത ശൈലികളാണ്. പല ഹിമാലയന്‍ പ്രദേശങ്ങളിലും കടുത്ത മഞ്ഞാണ്. അവരുടെ കുളിപോലും വല്ലപ്പോഴുമാണ്. പക്ഷേ അവരുടെ വൃത്തി വളരെ എടുത്ത് പറയണം. ഗ്രാമവാസികള്‍ ആശുപത്രികളെ ആശ്രയിക്കുന്നില്ല. മായമില്ലാത്ത ഓര്‍ഗാനിക് ഭക്ഷണരീതിയാണ് അവരുടെ ആരോഗ്യം. അവര്‍ മദ്യത്തിനോ മെബൈലിനോ അടിമകളല്ല. പല ഗ്രാമങ്ങളിലും ആശുപത്രികള്‍ പോലുമില്ല. രാവിലെ 6 മണിക്ക് ജോലി ആരംഭിക്കും. 9 മണിക്ക് കിടന്നുറങ്ങും. അതാണ് ഗ്രാമീണരുടെ ജീവിത രീതി.

നേപ്പാള്‍ ഹിമാലയത്തിലെ ജീവിതം, ഭാരതവുമായി നോക്കുമ്പോള്‍ വികസനം അവിടെ കുറവാണ്. പക്ഷേ ഇവിടുത്തേക്കാള്‍ കഠിനാധ്വാനികളാണ് അവര്‍. ഗതഗാത സംവിധാനങ്ങള്‍ കുറവാണ്. 50 കിലോമീറ്റര്‍ വരെ നടന്ന് തലച്ചുമടുമായാണ് ഗ്യാസ് സിലണ്ടറും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ്, അവിടെ വാഹനങ്ങള്‍ സഞ്ചരിക്കില്ല. അഥവാ പോകണമെങ്കില്‍ ഒരു വാഹനം നിറച്ച് ആളുകളുണ്ടാവണം. യാര്‍സാഗുംബാ എന്ന ഒരു തരം പുഴുവുണ്ട്. ഇത് ഹിമാലയത്തില്‍ മാത്രം കാണുന്നതാണ്. അത് ചത്തു കഴിയുമ്പോള്‍ ഒരു വേര് പോലാകും. അതിന് മാര്‍ക്കറ്റില്‍ ഒരു കിലോയ്‌ക്ക് 25 ലക്ഷം രൂപവില മതിക്കും. അത് പലതരം മരുന്ന് നിര്‍മാണത്തിനും ഉപയോഗിക്കും. ഇതാണ് ഗ്രാമവാസികളുടെ പ്രധാന വരുമാനം. അവ ശേഖരിക്കാന്‍ അവിടുത്തെ ഗ്രാമവാസികള്‍ക്കേ അവകാശമുള്ളു. അത് വിറ്റാണ് ഗ്രാമീണര്‍ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്.

രണ്ട് വര്‍ഷം കൊണ്ട് 25 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. നേപ്പാള്‍ പൂര്‍ണമായും നടന്നു കണ്ടു. നാല് മാസം കൊണ്ട് 4000 ത്തിലേറെ കിലോമീറ്റര്‍ നടന്നു. ഹിമാചല്‍പ്രദേശും ഗംഗാ നദിയുടെ ഉത്ഭവമായ ഗംഗോത്രി ഗോമുഖ് യാത്രയാണ് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്രന്‍ പറയുന്നു. ഹിമാചലിനെ ലാഹാള്‍ ആന്‍ഡ് സ്പിറ്റി ജില്ലയിലെ ഹെഡ് ക്വാട്ടേഴ്‌സ് കെയിലോണില്‍ താമസിച്ചപ്പോഴുള്ള അനുഭവം അത്ര ഹൃദ്യമായിരുന്നു. 24 മണിക്കൂറും അതിശക്തമായ മഞ്ഞ് വീഴ്ചയില്‍ ഒരു മാസം ടെന്റ് അടിച്ച് ബാഗാ നദിയുടെ കരയിലാണ് കഴിഞ്ഞത്.

ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ ജാനാ ഗ്രാമവാസികള്‍ക്കൊപ്പം

ഇനിയും സ്വപ്‌നങ്ങള്‍ ഏറെയുണ്ട് ചിത്രന്. ഒരു വാഹനം സ്വന്തമാക്കി വീടുപോലെ സജ്ജീകരിച്ച് സഞ്ചരിക്കണമെന്നാണ് വലിയ ആഗ്രഹം. ഇനിയുള്ള യാത്ര ഭൂട്ടാനിലേക്കാണ്. അവിടെ വലിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. ഭാരതീയര്‍ ഒരു ദിവസം 1500 രൂപ നികുതി നല്‍കണം. കൂടാതെ മറ്റ് ചിലവുകളും. നടന്നു തന്നെ ലോകത്തെ മറ്റ് രാജ്യങ്ങളും സഞ്ചരിക്കണമെന്നാണ് മറ്റൊരാഗ്രഹം. പക്ഷേ സുരക്ഷാ നിയമങ്ങളാല്‍ അതിന് സാധിക്കുമോ എന്നറിയില്ല. നടന്ന് സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളെക്കുറിച്ച് ചിത്രനിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by