ശ്രീനാരായണ ഗുരുദേവന് പാര്‍ക്കര്‍ പേന ഉപയോഗിച്ചിട്ടുണ്ടാവുമോ? ഇടയില്ല. എന്നാല്‍, ‘ഗുരുദേവന് ലഭിച്ച സമ്മാനങ്ങളില്‍ ഒരു പാര്‍ക്കര്‍ പേന ഉണ്ടായിരുന്നു’വെന്ന് പെട്ടെന്ന് ഒരു വെളിപ്പെടുത്തല്‍ വരുന്നു. ‘അങ്ങനെയൊരു പേന ഇല്ല’ എന്ന് സ്ഥാപിച്ചുകൊണ്ട് ഒരു പുസ്തകം വരുന്നു. രണ്ടും വിവാദമാകുക, അങ്ങനെ ചരിത്രത്തിലേക്ക് അന്വേഷണം പോകുക. ആ ചെറുപുസ്തകത്തിന് വന്‍ പ്രചാരണം കിട്ടുക. പുസ്തക രചനയ്ക്ക് കാരണമായ വിഷയവും സംഭവവും കേസായി മാറുക. അങ്ങനെ ഒരു പേനയും പുസ്തകവും ഗുരുദേവന്റെ പേരിനോട് ചേര്‍ന്ന് ചരിത്രത്തിലാകുകയാണ്.
പുസ്തകത്തിന്റെ പേര് ശ്രീനാരായണ ഗുരുവിന്റെ പാര്‍ക്കര്‍ പേന. 30 പേജുള്ള ഈ ചെറിയ വലിയ പുസ്തകം എഴുതിയത് കെ.പി. ചിത്രഭാനുവാണ്.
പുസ്തകം വില്പ്പനയ്ക്കല്ല. സൗജന്യ വിതരണമാണ്. അതുകൊണ്ടുതന്നെ ഒട്ടേറെ പേരില്‍ ഇതിനകം എത്തിക്കഴിഞ്ഞു. ചരിത്രമോ വ്യാജചരിത്രമോ എന്ന് വ്യവച്ഛേദിച്ച് അറിഞ്ഞ് ശരിപക്ഷം ചേരാന്‍ വായനക്കാര്‍ മടിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, പുസ്തകം മറ്റു ചിലപുസ്തകങ്ങളുടെ കാര്യത്തിലെന്നപോലെ വിവാദവാര്ത്തയായിട്ടില്ല. 30 പേജുള്ള പുസ്തകത്തെക്കുറിച്ച് 300 വാക്കിലധികം വിശദീകരണം അമിതമാകും. അതിനാല്‍ ചുരുക്കിപ്പറയാം:
1922 ല്‍ മഹാകവി ടാഗോര്‍ നാരായണ ഗുരുവിനെ സന്ദര്‍ശിച്ച അവസരത്തില്‍ കൂടെയുണ്ടായിരുന്ന ഏതോ ഒരാള്‍ സമര്‍പ്പിച്ച ‘പാദകാണിക്കയായ’ ഒരു പാര്‍ക്കര്‍ പേന ഉണ്ടെന്നും വത്സല ശിഷ്യനായ ഭാര്ഗവന് വൈദ്യര്‍ക്ക് ഗുരു നല്കിയ ഈ പേന അമേരിക്കയിലെ ആശ്രമത്തിലേക്ക് കൊണ്ടുപോകാന്‍ തരാമെന്ന് ഷീലാ ചന്ദ്രന് എന്ന അഭിഭാഷക അറിയിച്ചതായി ഗുരുധര്‍മ്മ പ്രചാരണം നടത്തുന്ന ഗുരുപ്രസാദ് സ്വാമികള്‍ പറഞ്ഞയായി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് വിഷയത്തിന് ആധാരം. ആ പേന 1945 ല്‍ നിര്‍മിച്ചതാണെന്ന് ആധുനിക സാങ്കേതിക വിദ്യവഴി കണ്ടെത്തിയും ഗുരുദേവന് 1928ല്‍ സമാധിയായെന്നത് ചരിത്രമാണെന്നും അതിനാല്‍ ഈ പേന വ്യാജമാണെന്നും പ്രസ്താവിച്ച്, പുസ്തകങ്ങള്‍ സാക്ഷിയാക്കി, ചരിത്രം ആധാരമാക്കി, വസ്തുതകള്ക്കുനിരക്കാത്ത വാദമാണതെന്ന് സ്ഥാപിക്കുകയാണ് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍കൂടിയായ, ഗുരുദേവ അനുയായിയായ കെ.പി. ചിത്രഭാനു.
കാന്‍സര്‍ രോഗിയായ, 80 വയസ്സു കഴിഞ്ഞ ഒരാള്‍ നടത്തിയ ഗവേഷണ – അന്വേഷണ പഠനമെന്ന നിലയിലാണ് ഈ പുസ്തകം കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഒപ്പം, തെറ്റാണെന്നുറപ്പുള്ളതിനെ ചരിത്രപരമായ തെളിവുകൊണ്ട് തര്‍ക്കിച്ച് തോല്പ്പിക്കുന്നതെങ്ങനെയെന്നതിന് ഉദാഹരണമായി മാറിയതും. നമ്മുടെ ചരിത്രത്തില്‍ എല്ലാത്തട്ടിലും ആവശ്യത്തിലേറെ വ്യാജവൃത്തികള് ചിലര്‍ കുത്തി നിറച്ചിട്ടുണ്ട്. അവയൊക്കെ പലവേദികളില്‍ തിരുത്തിക്കൊണ്ടിരിക്കെ പുതിയ വ്യാജങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് അങ്ങനെ പൗരധര്‍മ്മമായി ഈ ചെറുപുസ്തകത്തിലൂടെ മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: