കരുനാഗപ്പള്ളി: വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പ്രശ്‌നം വഷളാകുമെന്നാണ് സൂചന. ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരിക്കുന്ന നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡനം മുതല്‍ ബാര്‍ ബിനാമി, ക്രിമിനല്‍ കേസ് പ്രതികളുമായി ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ലോക്കല്‍ സെക്രട്ടറിയുടെ ലൈംഗിക അതിക്രമ വീഡിയോ വരെ വിമതര്‍ പുറത്തുവിട്ടു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ വിമതര്‍ ഉറച്ചു നില്‍ക്കുകയാണ്.
തങ്ങള്‍ക്കെതിരെ നടപടിയെടുത്തതിനാല്‍ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കെതിരെയും നടപടി വേണമെന്നാണ് നടപടി നേരിട്ടവര്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ആവശ്യപ്പെട്ടത്. ഇവരെ അനുകൂലിക്കുന്നവര്‍ അടുത്ത ദിവസം പരസ്യമായി പ്രതിഷേധിച്ചേക്കും. ഇതിനുള്ള പോസ്റ്ററുകള്‍ തയാറാകുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഇടപെട്ടിട്ടും കരുനാഗപ്പള്ളിയിലെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയംഗം പി.ആര്‍. വസന്തനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളും സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ ഭൂമികൈയേറ്റ ആരോപണവുമൊക്കെ ഉയര്‍ന്നു.
കരുനാഗപ്പള്ളിയില്‍ പാര്‍ട്ടി നേതൃത്വം ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. 2002ല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരുന്നു.
സിഐടിയു നേതാവ് അന്തരിച്ച വി.ബി. ചെറിയാനെ അനുകൂലിക്കുന്ന വിഭാഗം അന്ന് കൂട്ടത്തോടെ പാര്‍ട്ടി വിട്ട് പുതിയ സംഘടന രൂപീകരിച്ചിരുന്നു. ഇതിനു ശേഷം സിപിഎം നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക