ബെംഗളൂരു: നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന മുദ്രാവാക്യമായിരുന്നു എസ്എന്‍ഡിപിയോഗം ഇതുവരെ ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇനി നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ഈ കാലഘട്ടത്തില്‍ വേണ്ടതെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ആരുടെയും അവകാശങ്ങള്‍ പിടിച്ചു പറ്റാനല്ല, മറിച്ച് ജനിച്ച മണ്ണില്‍ ജീവിക്കാനും സാമൂഹ്യനീതിയിലധിഷ്ടിതമായ സമുദായ നീതി നടപ്പാക്കാനുമാണിത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ഭവനമില്ലായ്മ തുടങ്ങിയ വിഷമതകള്‍ നാം നേരിടുമ്പോള്‍ രാഷ്‌ട്രീയ അധികാരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്ന പ്രവണത അവസാനിപ്പിച്ച് അധസ്ഥിതര്‍ അധികാരത്തില്‍ എത്തണം. അതിന് വലിയ കൂട്ടായ്മയും ചര്‍ച്ചകളും അനിവാര്യമാണ്.
മൈസൂരില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃസംഗമത്തില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്കായി നിലകൊള്ളുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന പ്രീണനമാണ് കണ്ടു വരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പൊതുസ്വത്ത് വീതം വയ്‌ക്കുന്നതിലും വിവേചനം കാണിക്കുകയും പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ്. അധികാരവും നയ രൂപീകരണങ്ങളും സംഘടിത ശക്തികള്‍ കൈയടക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി മാറുകയാണ് ഭൂരിപക്ഷ സമുദായങ്ങള്‍.
ഈഴവ സമുദായം ആള്‍ ബലത്തില്‍ മുന്നിലാണ് എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായ അംഗങ്ങളോട് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും വേണ്ട പരിഗണന കാട്ടാറില്ല. ന്യൂനപക്ഷം എന്ന പേരില്‍ ആനുകൂല്യങ്ങളും പരിരക്ഷകളും അനുഭവിക്കുന്നവര്‍ ഭൂരിപക്ഷത്തെ അംഗീകരിക്കാനും അവരുടെ വികാരങ്ങളെ മാനിക്കാനും ബാധ്യസ്ഥരാണ്. ഇവിടെ ഇല്ലാത്തതും ഇതു തന്നെയാണ്, വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ്, അറ രാജന്‍ ബാബു എന്നിവര്‍ സംസാരിച്ചു. രാഷ്‌ട്രീയ നിരീക്ഷകന്‍ എ. ജയശങ്കര്‍, കോന്നി ഗോപകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: