India

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറി, 3 മരണം: ട്രെയിനുകളുടെ സമയക്രമം മാറ്റി ഇന്ത്യൻ റെയിൽവെ

Published by

ഫിൻജാൽ ചുഴലിക്കാറ്റ് തീരംതൊട്ടതോടെ ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ ശക്തമാണ്. ചെന്നൈയിൽ റയിൽ – റോഡ് – വ്യോമ ​ഗതാ​ഗതം താറുമാറായി. ചെന്നൈ ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവെ. ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയത്തിലാണ് റെയിൽവെ മാറ്റം വരുത്തിയിരിക്കുന്നത്.

വ്യാസർപാടി റെയിൽവേ പാലത്തിന് സമീപം കൂവം നദിയിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ചില എക്സ്പ്രസ് ട്രെയിനുകളുടെ പുറപ്പെടൽ പോയിൻ്റുകളും മാറ്റിയിട്ടുണ്ട്.

ചെന്നൈ സെൻട്രൽ – മംഗളൂരു എക്സ്പ്രസ് രാത്രി 9:15-ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
ചെന്നൈ – കോയമ്പത്തൂർ ചേരൻ എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 10:30-ന് പുറപ്പെടും.
ചെന്നൈ – ബാംഗ്ലൂർ എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 11:30ന് പുറപ്പെടും.
ചെന്നൈ – ഈറോഡ് ഏർക്കാട് എക്സ്പ്രസ് ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 12:30 ന് പുറപ്പെടും.
കോയമ്പത്തൂർ-ചെന്നൈ ഇൻ്റർസിറ്റി എക്സ്പ്രസ് ആവഡി റെയിൽവേ സ്റ്റേഷനിൽ നിർത്തും.
തിരിച്ച് ആവഡി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകും.

അതേസമയം, ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാടി​ന്റെ ആറ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ടിന് മാറ്റമൊന്നുമില്ല. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഫിൻജാൽ ചുഴലിക്കാറ്റ് പൂർണമായി കരയിൽ പ്രവേശിച്ചത്. ചുഴലിക്കാറ്റി​ന്റെ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ചെന്നൈയിൽ മഴക്കെടുതിയിൽ 3 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിൻജാൽ ചുഴലിക്കാറ്റി​ന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by