ശബരിമല: സന്നിധാനത്ത് ഭക്തജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകര്‍ ലഭിക്കുന്ന സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 41,385 പേരാണ് ദര്‍ശനം നടത്തിയത്. പലപ്പോഴും തീര്‍ത്ഥാടകരുടെ നിര മരക്കുട്ടം വരെയെത്തി. ഇവിടെ നിന്നും നിയന്ത്രണം പാലിച്ചാണ് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തി വിട്ടത്.
നിലവില്‍ ഭൂരിഭാഗം ഭക്തരും സമയം പാലിക്കാതെയാണ് ദര്‍ശനം നടത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കല്‍ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം 80,984 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച വരെ 10 ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നര ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇത്തവണ അധികമായി എത്തിയത്. അതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ അനുവദിക്കപ്പെട്ട സമയത്ത് തന്നെ ദര്‍ശനം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
സ്പോട്ട് ബുക്കിങ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യു ബുക്കിങ് പരിധി 70,000 ല്‍ നിന്നും ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ തല്‍സമയ ബുക്കിങ്ങിന്റെ സൗകര്യം വര്‍ധിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇപ്പോള്‍ പമ്പയില്‍ 8 കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വര്‍ധിപ്പിക്കുന്നതിനു പുറമെ പന്തളത്ത് ഉടന്‍ തല്‍സമയ ബുക്കിങ് കൗണ്ടര്‍ ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: