തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിന് കലാമണ്ഡലം സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് കൈമാറണമെന്ന് അദ്ധ്യാപകരും കലാപ്രവര്‍ത്തകരും.
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കലാമണ്ഡലത്തിന്റെ ചാന്‍സലറായി കൊണ്ടുവന്ന മല്ലികാ സാരാഭായിക്ക് പ്രതിമാസം മൂന്നുലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ഗവര്‍ണറോടുള്ള ഈഗോ തീര്‍ക്കാന്‍ വേണ്ടിയാണ് ലക്ഷങ്ങള്‍ ചെലവാക്കി മല്ലിക സാരാഭായിയെ കൊണ്ടുവന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് അവര്‍ കലാമണ്ഡലം സന്ദര്‍ശിക്കുന്നത്. കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കോ അക്കാദമിക്ക് രംഗത്തോ ഒരു സംഭാവനയും ഇതുവരെ മല്ലിക സാരാഭായിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സര്‍ക്കാരിന്റെ അപ്രതീക്ഷിത നടപടിയില്‍ മുതിര്‍ന്ന അദ്ധ്യാപകര്‍ അടക്കമുള്ള കലാകാരന്മാര് കടുത്ത പ്രതിഷേധത്തിലാണ്. അതിനിടെ കലാമണ്ഡലത്തിന്റെ കല്പിത സര്‍വകലാശാല പദവി ഉടന്‍ നഷ്ടമാകും എന്ന സൂചനയുമുണ്ട്.
പദവി തുടരണമെങ്കില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ നല്‍കണം. എന്നാല്‍ കലാമണ്ഡലം യുജിസിയെ സമീപിക്കുകയോ പുതുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 2017ല്‍ ലഭിച്ച അംഗീകാരം 2022ല്‍ കാലഹരണപ്പെട്ടു. ഇപ്പോള്‍ അംഗീകാരം ഇല്ലാതെയാണ് പ്രവര്‍ത്തനം. പദവി ഏതുനിമിഷവും റദ്ദാകും. ഇതോടെ ഇവിടെ പഠിക്കുന്ന നൂറുകണക്കിന് കുട്ടികളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: