Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ആസാമിനെതിരെ കേരളത്തിന് 277 റണ്‍സ് വിജയലക്ഷ്യം

Published by

ഗുവഹാത്തി: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ ആസാമിനെതിരെ കേരളത്തിന് 277 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ആസാം 224 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സെന്ന നിലയിലാണ്.

ഒരു വിക്കറ്റിന് 33 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ആസാമിന് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. ബരുണ്‍ജേ്യാതി മലാകറിനെ പുറത്താക്കി അബിന്‍ലാലാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രാജ് വീര്‍ സിങ്ങും ഹൃഷികേശ് ദാസും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാജ് വീര്‍ 66ഉം ഹൃഷികേശ് 50ഉം റണ്‍സെടുത്തു. ഇരുവരെയും പുറത്താക്കി കേരളത്തെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് കാര്‍ത്തിക്കാണ്. തുടര്‍ന്നെത്തിയ ആസാം ബാറ്റര്‍മാരില്‍ ആര്‍ക്കും മികച്ച ഇന്നിങ്‌സ് കാഴ്ച വയ്‌ക്കാനായില്ല. ഇരു വശത്തും മുറയ്‌ക്ക് വിക്കറ്റുകള്‍ വീണതോടെ ആസാം ഇന്നിങ്‌സ് 224ന് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ആദിത്യ ബൈജുവും, കാര്‍ത്തിക്കും, തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആദിത്യ ബൈജുവും അക്ഷയും ചേര്‍ന്നാണ് കേരളത്തിന്റെ ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ ഇരുവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ആദിത്യ ഏഴും അക്ഷയ് പൂജ്യത്തിനും പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഓരോ റണ്‍ വീതം നേടി സൗരഭും അഹമ്മദ് ഖാനുമാണ് ക്രീസില്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by