Kerala

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ കാലിക പ്രസക്തം; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : ലോകത്ത് ജനങ്ങളും രാജ്യങ്ങളും തമ്മിലുളള അസഹിഷ്ണുത വര്‍ദ്ധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഓരോ മനുഷ്യനും , മതത്തിനും വംശത്തിനും സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണ ഗുരു ലോകത്തിന് നല്‍കിയത്.ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞ് വച്ചു. ആരോടും ഒരു തരത്തിലുളള വിരോധവും പാടില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.ഖേദകരമെന്ന് പറയട്ടെ മതം, വംശം, നിറം, ഭാഷ മുതലായ വിഭാഗീയ ചിന്താഗതികള്‍ മൂലം അക്രമങ്ങളുണ്ടാകുന്നത് ഇക്കാലത്ത് നിത്യ സംഭവങ്ങളാണ്.

സ്വന്തം മതവിശ്വാസത്തിലും മറ്റ് വിശ്വാസങ്ങളിലും ഉറച്ച് നിന്ന് കൊണ്ടു തന്നെ നല്ല മനുഷ്യസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച് എന്ന , ഈ സമ്മേളന വിഷയത്തിന് ഏറെ കാലിക പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.സമ്മേളത്തില്‍ പങ്കെടുത്ത് , വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമായി സംവദിക്കാനും പരസ്പരം മനസിലാക്കാനും സന്നദ്ധരായ എല്ലാവര്‍ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

വത്തിക്കാന്‍ ചത്വരത്തിലെ അഗസ്റ്റീരിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള 180 പ്രതിനിധികള്‍ ഉള്‍പ്പെടെ 200ഓളം പേര്‍ പങ്കെടുത്തു.മാര്‍പ്പാപ്പയുടെ അനുഗ്രഹ പ്രഭാഷണത്തിന് ശേഷം കേരളത്തില്‍ നിന്നുളള കുട്ടികള്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക