പത്തനംതിട്ട : അയ്യന് വേണ്ടി പാൽ ചുരത്താൻ 25 പൈക്കളുമായി സന്നിധാനത്തെ ഗോശാല.ശബരിമല സന്നിധാനത്തെ ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കുന്ന പാൽ സന്നിധാനത്തെ ഗോശാലയിൽനിന്നുമാണ്. വെച്ചൂരും ജഴ്‌സിയുമടക്കം വിവിധ ഇനങ്ങളിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്.
വൃത്തിയോടും ശ്രദ്ധയോടുമാണ് പശുക്കളെ പരിപാലിക്കുന്നത്. ഫാനും ലൈറ്റുമടക്കം ഗോക്കൾക്ക് എല്ലാ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ് ഒൻപതുവർഷമായി ഗോശാലയുടെ പരിപാലകൻ. പുലർച്ചെ ഒന്നരയോടെ ഗോശാല ഉണരുമെന്നും രണ്ടു മണിക്ക് ആചാരങ്ങൾക്കും വഴിപാടുകൾക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാൽ എത്തിക്കുമെന്നും ആനന്ദ് പറഞ്ഞു.
ഉച്ചകഴിഞ്ഞ് രണ്ടിനും പാൽ സന്നിധാനത്ത് എത്തിക്കും. പശുക്കളിൽ അഞ്ചെണ്ണം വെച്ചൂർ ഇനത്തിലുള്ളതും ബാക്കി ജഴ്‌സി, എച്ച്.എഫ്. ഇനത്തിലുള്ളതുമാണ്. ഇവയെല്ലാം ഭക്തർ ശബരീശന് സമർപ്പിച്ചതാണ്. പശുക്കളെ കൂടാതെ ഭക്തർ സമർപ്പിച്ച 18 കോഴികളും ഒരു ആടും ഗോശാലയിലുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആസ്വാദ്യകരവുമായ ജോലിയാണ് സന്നിധാനത്തെ പശുപരിപാലനമെന്ന് ആനന്ദ് സാമന്തോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: