World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ സൈനിക ഹെലികോപ്റ്ററുകളുടെ മിന്നലാക്രമണം : 17 ഭീകരർ കൊല്ലപ്പെട്ടു

തീവ്രവാദികളിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു

Published by

പെഷവാർ : പാകിസ്ഥാനിലെ സംഘർഷഭരിതമായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സുരക്ഷാ സേനയുടെ ഹെലികോപ്റ്ററുകൾ നടത്തിയ ഓപ്പറേഷനിൽ 17 ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് രണ്ട് വ്യത്യസ്ത ഓപ്പറേഷനുകൾ സൈന്യം നടത്തിയത്.

ബന്നു, വടക്കൻ വസീറിസ്ഥാൻ ജില്ലകളിലാണ് സേന ആക്രമണം നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബന്നു ജില്ലയിലെ ബക്കാ ഖേൽ പ്രദേശത്ത്, ഹാഫിസ് ഗുൽബഹാദൂർ ഗ്രൂപ്പുമായി ബന്ധമുള്ള 12 ഭീകരരെ ഹെലികോപ്റ്ററുകൾ ഇല്ലാതാക്കി. കൂടാതെ വടക്കൻ വസീറിസ്ഥാനിലെ മിർ അലിയിലെ ഹസോ ഖേൽ മേഖലയിലാണ് രണ്ടാമത്തെ ഓപ്പറേഷൻ നടത്തിയത്. അവിടെ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു.

തീവ്രവാദികളിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങളും സുരക്ഷാസേന പുറത്തുവിട്ടു.

അതേ സമയം ഓപ്പറേഷൻ തുടരുകയാണെന്നും കൂടുതൽ സേന പ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു. ഖൈബർ പഖ്തൂൺഖ്വയുടെ തെക്കൻ ജില്ലകളിൽ സുരക്ഷാ സേനയ്‌ക്കെതിരായ പുതിയ ആക്രമണത്തിന് മറുപടിയായി സുരക്ഷാ സേന ഭീകരർക്കെതിരെ വൻ ഓപ്പറേഷനാണ് ആരംഭിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by