വരാണസി: ഉത്തർപ്രദേശിലെ വരാണസി കാന്‍റ് റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് ഏരിയയിൽ വൻ തീപിടിത്തം. 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് ബൈക്കുകളിലെ ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചത് തീമറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നതിന് കാരണമായി. ഇന്ധന ടാങ്കുകൾ പൊട്ടിയതിനെ തുടർന്നുള്ള സ്ഫോടന ശബ്ദങ്ങൾ സ്റ്റേഷനിലെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി.
മുന്നറിയിപ്പ് ലഭിച്ചയുടൻ ആറ് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകൾ കൂടാതെ ചില സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാത്രി ഒമ്പത് മണിയോടെ ഒരു ബൈക്കിന് തീപിടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാർക്കിംഗ് നടത്തിപ്പുകാരും സമീപത്തുണ്ടായിരുന്നവരും വെള്ളം ഒഴിച്ച് തീ അണച്ചെങ്കിലും പ്രശ്‌നം പൂർണമായി പരിഹരിച്ചില്ല. പുലർച്ചെ ഒന്നരയോടെ അതേ ബൈക്കിന്റെ സീറ്റ് കവർ വീണ്ടും പുകയാൻ തുടങ്ങി. അപ്പോഴേക്കും പാർക്കിംഗ് നടത്തിപ്പുകാരൻ ഉറക്കത്തിലായിരുന്നു. ഇതിനിടെ തീ പെട്ടെന്ന് പടരുകയും ചെയ്തു. നിരവധി ബൈക്കുകളുടെ ടാങ്കുകൾ വലിയ സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി.
പാർക്കിംഗ് ഓപ്പറേറ്റർ ഉടൻ തന്നെ ആർപിഎഫിലും പോലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: