ന്യൂദൽഹി : ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ സഞ്ചാര പാതയിൽ ലേസർ ലൈറ്റുകളും ഡ്രോൺ പ്രവർത്തനങ്ങളും ഉപയോഗിക്കുന്നതിന് ദൽഹി പോലീസ് നിരോധനം ഏർപ്പെടുത്തി. നവംബർ 28 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് 2025 ജനുവരി 26 വരെ തുടരും.
ഐജിഐ എയർപോർട്ടിന്റെ അധികാരപരിധിയിലും പരിസരത്തും നിരവധി ഫാം ഹൗസുകൾ, വിരുന്നുകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ മുതലായവ ഉയർന്നുവന്നിട്ടുണ്ട്, അതിൽ വിവാഹ പാർട്ടികളുടെ ആഘോഷങ്ങളിലും വ്യത്യസ്ത പരിപാടികളിലും ലേസർ ബീമുകൾ ഉൾപ്പെടെ ധാരാളം ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇത് പൊതുവെ പൈലറ്റുമാർക്ക് കാഴ്ച വ്യതിചലിപ്പിക്കാനുള്ള കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കൂടാതെ മറ്റൊരു ഉത്തരവിൽ വിമാനത്താവളത്തിന്റെ പരിസരത്ത് ഡ്രോണുകളുടെ നിരോധനവും ഉൾപ്പെടുന്നു. ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുഎവികൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ആളില്ലാ വിമാന സംവിധാനങ്ങൾ (യുഎഎസ്) ഉപയോഗിച്ച് ആക്രമണം നടത്താൻ ഭീകരർക്ക് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് വ്യോമയാന സുരക്ഷയ്‌ക്ക് വളരെ അപകടകരമാകുമെന്നതിനാൽ ഇത് നിരോധിച്ചിരിക്കുന്നതായിട്ടാണ് ഉത്തരവിൽ പറയുന്നത്.
ഈ ഉത്തരവ് ലംഘിക്കുന്ന ഏതെങ്കിലും വ്യക്തികൾ, സംഘടനകൾ, ഉടമകൾ, ജീവനക്കാർ തുടങ്ങിയവരെ ബിഎൻഎസ് സെക്ഷൻ 223 (എ) വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക