മണ്ഡകാലം ആരംഭിച്ചാല്‍ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വീടുകളിലും നടത്തുന്ന ചടങ്ങാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ വാഴപ്പിണ്ടിയും കുരുത്തോലയും ഉപയോഗിച്ച് താത്ക്കാലിക ക്ഷേത്രം ഉണ്ടാക്കും. ചില സ്ഥലങ്ങളില്‍ ഒന്ന്, ചിലയിടത്ത് മൂന്ന് എന്ന തോതില്‍ ആവും താത്ക്കാലിക ക്ഷേത്ര നിര്‍മ്മാണം.
പ്രധാനമായും ഗണപതി, അയ്യപ്പന്‍, ദേവി എന്നിവര്‍ക്കാണ്ഇങ്ങനെ താത്ക്കാലിക ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുക. പിന്നീട് പൂജാരി പൂജ ആരഭിക്കും. സന്ധ്യാ ദീപാരാധനക്കു ശേഷം രാത്രി എട്ട് മണിയോടെ ശാസ്താംപാട്ട് ആരഭിക്കും. ആദ്യം പന്തല്‍ വര്‍ണ്ണനയാണ്. അതിനു ശേഷം ഗണപതി, സരസ്വതി എന്നീ ദേവതകളെ വര്‍ണ്ണിക്കും. തുടര്‍ന്ന് ശൂര്‍പ്പകനെ വര്‍ണ്ണിക്കും. അതിനു ശേഷമാണ് അയ്യപ്പന്റെ ജനനം പാടുന്നത്.
തുടര്‍ന്ന് അയ്യപ്പന്റെ ജാതകം അല്ലെങ്കില്‍ കുറത്തി പാടും. അതിനു ശേഷം ദേവിയെ സ്തുതിച്ചു കൊണ്ട് പാടും. പിന്നീട് ഭദ്രകാളിയെ കുടിയിരുത്തുന്നതിനായി അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി ഭദ്രകാളി ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തില്‍ കുടിയിരുത്തും. ഈ സമയം ദാരിക വധമാണ് പാടുക .
പിന്നീട് അയ്യപ്പനും ദേവിയും(പ്രതിനിധികള്‍) ഒരുമിച്ച് പാട്ടിന് അനുസരിച്ച് നൃത്തം(തുള്ളല്‍) നടത്തും. പിന്നീട് വാപുരന്റെ ജനനം പാടും. ഈ സമയം വാപുരന്റെ പ്രതിനിധി പ്രത്യക്ഷത്തില്‍ വന്ന് നൃത്തം ചവിട്ടും. അതിനു ശേഷം അയ്യപ്പനും വാപുരനും കൂടി യുദ്ധത്തിന്റെ പ്രതീകമായി വെട്ടും തടയും നടത്തി നൃത്തം ചവിട്ടും. പിന്നീട് വീണ്ടും അയ്യപ്പനും വാപുരനും സൗഹാര്‍ദ്ദത്തിലാകും. ഇതെല്ലാം പാട്ടിലൂടെയാണ് നടത്തുക.
പിന്നീട് മഗളംപാടി പാട്ട് അവസാനിപ്പിക്കും. ശാസ്താംപാട്ടിന് പ്രധാന വാദ്യോപകരണമായി ഉടുക്കാണ് ഉപയോഗിക്കുക. അയ്യപ്പജനനം പാടുമ്പോള്‍ താത്ക്കാലിക ക്ഷേത്രത്തില്‍ ദീപാരാധന ഉണ്ടാകും. മണ്ഡകാലത്ത് മാത്രം നടത്തുന്നതാണ് അയ്യപ്പന്‍വിളക്കും ശാസ്താംപാട്ടും. ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ശാസ്താംപാട്ടിനൊപ്പം പ്രാദേശിക സംഘങ്ങളുടെ ഭജനയും ഉണ്ടാകാറുണ്ട്. ആദ്യകാലത്ത് ശാസ്താംപാട്ട് പഠിക്കുവാന്‍ യുവാക്കള്‍ ആവേശത്തോടെ മുന്നോട്ടു വന്നിരുന്നെങ്കിലും പുതിയ തലമുറ ഇതില്‍ അത്ര താല്‍പര്യം കാട്ടുന്നില്ലെന്നത് ദുഃഖകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക