ചെന്നൈ: ബിയോണ്ട് ദ ഫെയറിടെയ്ല്‍ എന്ന നെറ്റ്ഫഌക്‌സ് ഡോക്യുമെന്ററിക്കെതിരെ ധനുഷ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കി നയന്‍താരയുടെ അഭിഭാഷകന്‍. ഡോക്യുമെന്ററിയില്‍ യാതൊരു വിധത്തിലുമുള്ള പകര്‍പ്പവകാശ ലംഘനവും നടന്നിട്ടില്ല. ആരോപണം തെറ്റാണ്. ഡോക്യുമെന്ററിക്കായി ഉപയോഗിച്ച ചിത്രങ്ങള്‍ സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നാണ് അഭിഭാഷകന്റെ അറിയിച്ചത്.
ബിയോണ്ട് ദ ഫെയറിടെയ്‌ലില്‍ ധനുഷ് നിര്‍മാതാവായ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗപ്പെടുത്തി, നഷ്ടപരിഹാരമായി 10 കോടി നല്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നയന്‍താരയ്‌ക്കം വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതിനു പിന്നാലെയാണ് യാതൊരു വിധത്തിലുള്ള പകര്‍പ്പവകാശവും നടന്നിട്ടില്ലെന്ന് നയന്‍താരയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.
ഡോക്യുമെന്ററിക്കായി ഉപയോഗിച്ചത് സിനിമയിലെ ബിഹൈന്‍ഡ് ദ സീനുകളല്ല. സ്വകാര്യ ലൈബ്രററിയില്‍ നിന്നുള്ള ചിത്രങ്ങളാണിത്. വ്യക്തിഗത ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണ് നിയമലംഘനമാകുന്നതെന്നും അഭിഭാഷകന്‍ ചോദിച്ചു. നയന്‍താരയുടേയും വിഷ്‌നേശിന്റേയും പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി അഡ്വ. രാഹുല്‍ ധവാനാണ് നോട്ടീസിന് മറുപടി നല്‍കിയത്. ഡിസംബര്‍ രണ്ടിന് വാദം കേള്‍ക്കുന്നതിനായി മദ്രാസ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
അതിനിടെ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും വിവാദമായി. കര്‍മ്മം എപ്പോഴും അതിന്റെ വഴി കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്. കള്ളം പറഞ്ഞ് ഒരാളുടെ ജീവിതം നശിപ്പിക്കുമ്പോള്‍, അത് പലിശ സഹിതം നിങ്ങളിലേക്ക് മടങ്ങിവരും എന്നായിരുന്നു പോസ്റ്റ്. ധനുഷുമായുള്ള തര്‍ക്കത്തിനിടയിലുള്ള ഈ പോസ്റ്റ് തമിഴ് സിനിമാ രംഗത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക