Kerala

വിജിലന്‍സ് അന്വേഷണം പുകമറ തട്ടിപ്പു നടത്തിയത് 6800 പേര്‍; അന്വേഷണം 38 പേര്‍ക്കെതിരേ മാത്രം

Published by

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് ധന വകുപ്പ്. മൂന്നു വര്‍ഷം 39.27 കോടിയെന്ന സിഎജി റിപ്പോര്‍ട്ടനുസരിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തത് പ്രതിമാസം 6800ലേറെപ്പേര്‍. ധനമന്ത്രി കണ്ടെത്തിയത് 1458 പേരെ മാത്രം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

സര്‍ക്കാര്‍ ജീവനക്കാരെ മൊത്തം അപമാനിക്കുന്ന നീക്കമെന്ന് സര്‍വീസ് സംഘടനകള്‍. ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തവരില്‍ എസിയും ബിഎംഡബ്ല്യു കാറുമുള്ളവരും. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് 38 പേര്‍ക്കെതിരേ മാത്രം. സര്‍ക്കാരിന് പലതും ഒളിക്കാനുള്ളതിനാലാണ് മുഴുവന്‍ തട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിന് വിടാത്തതെന്ന ആക്ഷേപവും ശക്തമാകുകയാണ്. ബാക്കിയുള്ളവരുടെ പേരില്‍ അതത് വകുപ്പുകള്‍ അന്വേഷിച്ച് നടപടിയെടുക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. ഇതിലൂടെ വേണ്ടപ്പെട്ടവരെയെല്ലാം വകുപ്പുതല നടപടിയിലൊതുക്കാനാണ് നീക്കം.

മലപ്പുറം കോട്ടയ്‌ക്കല്‍ നഗരസഭ ഏഴാം വാര്‍ഡിലെ തട്ടിപ്പുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഏഴാം വാര്‍ഡിലെ 42 പേരില്‍ 38 പേരും അനര്‍ഹരാണെന്നാണ് കണ്ടെത്തല്‍. ഒരാള്‍ മരിച്ചു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയിലുണ്ട്. ചിലരുടെ വീടുകളില്‍ എസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണ്. ഒരു വാര്‍ഡില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ അനര്‍ഹര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നില്‍ അഴിമതിയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ സംസ്ഥാനം മുഴുവന്‍ തട്ടിപ്പു നടന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം മാത്രം മതിയെന്ന നയത്തില്‍ ദുരൂഹതയേറുന്നു. അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തതിലൂടെ മൂന്നു വര്‍ഷങ്ങളിലായി 39.27 കോടി നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ടനുസരിച്ചാണെങ്കില്‍ പ്രതിമാസം 6800ലേറെപ്പേര്‍ പെന്‍ഷന്‍ തട്ടിയെടുത്തിട്ടുണ്ടാകണം.

എന്നാല്‍ 38 പേര്‍ക്കും അവരെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരേ മാത്രമാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ബാക്കിയുള്ളവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പറയുന്നുണ്ടെങ്കിലും വകുപ്പുതല നടപടികളിലോ ശാസനകളിലോ ഒതുക്കാനുള്ള സാധ്യതയും തെളിയുന്നു.

മസ്റ്ററിങ് നടപടികളിലുള്‍പ്പെടെ തിരിമറി നടന്നതിലും അര്‍ഹതയും വരുമാനവും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയതിനു പിന്നിലും ഭരണകക്ഷിയുടെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദം മറച്ചുവച്ച് ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനുള്ള നീക്കവുമുണ്ട്.

മുമ്പ് ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്കിയ ഇനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കമ്മിഷന്‍ കൈപ്പറ്റിയതായും ചെങ്ങന്നൂര്‍, പുലിയൂര്‍ ഭാഗങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. തട്ടിപ്പുകാരെ മന്ത്രി തന്നെ മറച്ചുപിടിക്കുന്നതിലൂടെ സിപിഎമ്മിന് പലതും ഒളിക്കാനുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക