Cricket

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ആസാമിന് ലീഡ്

Published by

ഗുവഹാത്തി: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ആസാമിന് 52 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 181 റണ്‍സിന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ആസാം ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്.

മൂന്ന് വിക്കറ്റിന് 33 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് കാര്‍ത്തിക്കും റോഷനും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 44 റണ്‍സെടുത്ത കാര്‍ത്തിക്കിനെ ഹിമന്‍ശു സാരസ്വത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനുമൊത്ത് റോഷന്‍ കരുതലോടെ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എന്നാല്‍ സ്‌കോര്‍ 143ല്‍ നില്‍ക്കെ 34 റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 35 റണ്‍സെടുത്ത റോഷനും മടങ്ങി. തുടര്‍ന്നെത്തിയ കേരള ബാറ്റര്‍മാരില്‍ ആര്‍ക്കും പിടിച്ചു നില്ക്കാനായില്ല. 32 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. കേരളത്തിന്റെ ഇന്നിങ്‌സ് 181ല്‍ അവസാനിച്ചു. ആസാമിന് വേണ്ടി ഹിമന്‍ശു സാരസ്വത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. 65 റണ്‍സ് നേടി ആദ്യ ഇന്നിങ്‌സില്‍ ആസാമിന്റെ ടോപ് സ്‌കോററായതും ഹിമന്‍ശു ആയിരുന്നു. നിഷാന്ത്, ആയുഷ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ആസാമിന് ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. കൗശിക് രഞ്ജന്‍ ദാസിനെ പുറത്താക്കി ആദിത്യ ബൈജുവാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. കളി നിര്‍ത്തുമ്പോള്‍ 24 റണ്‍സോടെ രാജ് വീര്‍ സിങ്ങും ഏഴ് റണ്‍സോടെ ബരുണ്‍ജോതി മലാകറുമാണ് ക്രീസില്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by