ഹൈദരാബാദ്: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 പോരാട്ടത്തില്‍ കരുത്തരായ മുംബൈയെ കേരളം അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ ടോട്ടല്‍ കണ്ടെത്തിയ കേരളം 43 റണ്‍സ് വിജയം സ്വന്തമാക്കി.
നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്ത കേരളത്തിനെതിരെ മുംബൈയ്‌ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കേരളത്തിനായി 49 പന്തുകളില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാര്‍ കളിയിലെ താരമായി.
കേരളം മുന്നില്‍ വച്ച 235 റണ്‍സെന്ന വമ്പന്‍ സ്‌കോറിലേക്ക് ബാറ്റെടുത്ത മുംബൈ മികച്ച രീതിയിലാണ് തുടങ്ങിയത്. പക്ഷെ കൃത്യം ഇടവേളകളില്‍ വിക്കറ്റ് നേടി വമ്പന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ കേരളം വിജയിച്ചു. കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് നേടി മുന്നില്‍ നിന്നു. രണ്ട് വീതം വിക്കറ്റുകള്‍ നേടിക്കൊണ്ട് വിനോദ് കുമാറും അബ്ദുള്‍ ബാസിതും നിധീഷിന്റെ പ്രകടനത്തിന് അര്‍ഹിച്ച പിന്തുണ നല്‍കി. നെടുംകുഴി ബേസില്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. മുംബൈയ്‌ക്കുവേണ്ടി അജിങ്ക്യ രഹാനെ(35 പന്തില്‍ 68) മാത്രമാണ് കാര്യമായ പ്രകടനം കാഴ്‌ച്ചവച്ചത്. നായകന്‍ ശ്രേയസ് അയ്യര്‍(18 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിങ്ങിന് വിട്ടു. തുടക്കത്തിലേ ആക്രമിച്ചു കളിക്കാന്‍ മുതിര്‍ന്ന നായകന് സഞ്ജു സാംസണ്‍(നാല്) വളരെ നേരത്തെ പുറത്തായി. റോഹന്‍ കുന്നുമല്‍ മികച്ച ഷോട്ടുകളുതിര്‍ത്തുകൊണ്ട് പാറപോലെ ഉറച്ചു നിന്നു. മുഹമ്മദ് അസ്ഹറുദ്ദീനും(13) വേഗത്തില്‍ പുറത്തായി. സച്ചിന്‍ ബേബി റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്തതും(ഏഴ്) ടീമിന് തിരിച്ചടി നേരിട്ടു. കുന്നുമ്മലും സല്‍മാനും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി നിര്‍ണയിക്കുന്നതായി. ഇരുവരും ചേര്‍ന്ന് 140 റണ്‍സെടുത്തു. റോഹന്‍ കുന്നുമ്മല്‍(87) അഞ്ച് ബൗണ്ടറികളും ഏഴ് സിക്‌സറുമായാണ് പൊരുതിയത്. അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സറും സഹിതമാണ് സല്‍മാന്‍ നിസാര്‍ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സ് പടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക