ഒട്ടേറെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും കൂടാരമാണ് ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലുള്ള യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം.പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഗമ രാജവംശത്തിലെ രാജാവായിരുന്ന ഹരിഹരബുക്കരായന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം.
വൈഷ്ണവ പാരമ്പര്യത്തില്‍ പണിത ശിവക്ഷേത്രമാണിത്. ‘ഞാന്‍ കണ്ടു’ എന്നര്‍ഥം വരുന്ന തെലുഗു പദം ‘നേഗന്തി’ നാട്ടുമൊഴിയില്‍ ഉരുത്തിരിഞ്ഞതാണ് യാഗന്തി. ഇവിടെ ശിവലിംഗമല്ല പ്രതിഷ്ഠ. ശിവരൂപവിഗ്രഹമാണുള്ളത് .അദ്ഭുതകരമായ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. അവയിലൊന്നാണ് വളരുന്ന നന്ദി വിഗ്രഹം
ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹത്തിന് വലിപ്പം കൂടി വരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ 20 വർഷത്തിലും വിഗ്രഹം ഒരു ഇഞ്ച് വീതം വളരുന്നുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാരണം വികസിക്കുന്ന ഒരു തരം പാറയിലാണ് ഈ വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത് എന്നതാണ് ഇതിനു നല്‍കുന്ന ശാസ്ത്രീയമായ വിശദീകരണം
പണ്ട് ഈ വിഗ്രഹം വളരെ ചെറുതായിരുന്നു. ആളുകള്‍ ഇതിനു ചുറ്റും പ്രദക്ഷിണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ വിഗ്രഹത്തിന്റെ വലുപ്പം കൂടിയതു കാരണം അരികിലുള്ള കല്‍ത്തൂണും വിഗ്രഹവും തമ്മിലുള്ള വിടവ് ഇല്ലാതായതിനാല്‍ പ്രദക്ഷിണം നടക്കില്ല. മറ്റൊരു തൂൺ ക്ഷേത്രജീവനക്കാർ ഇതിനകം നീക്കം ചെയ്തിരുന്നു.
ക്ഷേത്രത്തിനു പിറകിലുള്ള ചെങ്കുത്തായ പാറക്കെട്ടിനു മീതെ സ്ഥാപിച്ചിട്ടുള്ള ആകാശദീപം അത്യപൂര്‍വമായൊരു കാഴ്ചയാണ്. ‘കലിയുഗം അവസാനിക്കുമ്പോൾ യാഗന്തിയിലെ ബസവണ്ണ ( നന്ദി) ജീവനോടെ വന്ന് നിൽക്കും‘ എന്നാണ് ഇവിടെയെത്തുന്ന ഭക്തരുടെ വിശ്വാസം.ഇവിടെ വിഷ്ണുവിനു വേണ്ടി ഒരു ക്ഷേത്രം പണിയാന്‍ അഗസ്ത്യന്‍ ആഗ്രഹിച്ചു. എന്നാൽ, വിഗ്രഹത്തിന്റെ കാൽവിരലിലെ നഖം തകർന്നതിനാൽ പ്രതിമ സ്ഥാപിക്കാനായില്ല.
ഇതില്‍ അസ്വസ്ഥനായ മുനി ശിവനെ തപസ്സു ചെയ്തു. കൈലാസ സമാനമായ അന്തരീക്ഷമായതിനാല്‍ ഈ പ്രദേശത്തു ശിവനാണ് കുടിയിരിക്കേണ്ടതെന്നു പറയുകയും ഇവിടെ വസിക്കാന്‍ ശിവനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. താന്‍ ഉമാമഹേശ്വര രൂപത്തില്‍ അവിടെ കുടിയിരിക്കാമെന്ന് ശിവന്‍ വാഗ്ദാനം ചെയ്തു. അങ്ങനെയാണത്രേ ഇവിടം ശിവക്ഷേത്രമായി മാറിയത്.
അഗസ്ത്യമുനി തപസ്സനുഷ്ഠിക്കുമ്പോൾ കാക്കകൾ അദ്ദേഹത്തെ ശല്യപ്പെടുത്തിയെന്നും കാക്കകൾക്ക് അവിടെ പ്രവേശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ശപിച്ചുവെന്നുമാണ് ഐതിഹ്യം. ഹിന്ദു വിശ്വാസമനുസരിച്ച് കാക്ക ശനിദേവന്റെ വാഹനമായതിനാൽ ശനിക്ക് ഇവിടെ പ്രവേശിക്കാനാവില്ലെന്നും വിശ്വസിക്കുന്നു. കുന്നുകള്‍ക്കു ചുറ്റിലുമായി യോഗികള്‍ തപസ്സിരുന്ന എണ്ണമറ്റ ഗുഹകള്‍ കാണാം. ഇവയില്‍ സുപ്രധാനമാണ് അഗസ്ത്യ, വെങ്കടേശ്വര, ബ്രഹ്മം ഗുഹകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: