ന്യൂദൽഹി : കഴിഞ്ഞ രണ്ട് വർഷമായി വിമാനങ്ങളിൽ മദ്യപാനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കുറഞ്ഞതായി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പറഞ്ഞു. സംഭവങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാലാണ് ഇത് കുറഞ്ഞ് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് വിമാനത്തിൽ എന്ത് സ്വഭാവം സ്വീകരിക്കണം എന്നതിനെക്കുറിച്ച് ഒരു വിദ്യാഭ്യാസ അവബോധം ആവശ്യമാണ്. കൂടാതെ ഒരു പ്രശ്നബാധിതനായ യാത്രക്കാരനെ ജീവനക്കാർ അഭിമുഖീകരിക്കുമ്പോൾ അവരുടെ ബാധ്യതകളും അവരുടെ പ്രവർത്തനങ്ങളും എന്താണെന്നും യാത്രക്കാരെ നിയന്ത്രണത്തിലാക്കാൻ എന്തുചെയ്യണം എന്നതിനെക്കുറിച്ചും ജീവനക്കാരെ ബോധവൽക്കരിക്കുന്ന പ്രക്രിയ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ റിപ്പോർട്ട് നൽകണമെന്ന പോലീസിന്റെയും സർക്കാരിന്റെയും ഇടപെടലും കാര്യക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടസമുണ്ടാക്കുന്ന യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽ തങ്ങളുടെ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് എയർ ഇന്ത്യ സിഇഒ പറഞ്ഞു.
അവരുടെ ഉയർന്ന വിദ്യാഭ്യാസവും മികവാർന്ന പരിശീലന പ്രക്രിയയും കാരണം പ്രശ്നക്കാരായ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽ തങ്ങളുടെ ക്രൂവിന്റെ ആത്മവിശ്വാസം വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത്തരം സംഭവങ്ങൾ എയർലൈൻ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം വർദ്ധിച്ചതിനാൽ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ കുറഞ്ഞ കാലയളവിൽ ഏകദേശം 9,000 പുതിയ ജീവനക്കാരെ ഉൾപ്പെടുത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു. ഇത് ജീവനക്കാരുടെ ശരാശരി പ്രായം 54 ൽ നിന്ന് 35 ആയി കുറച്ചു. ക്യാബിൻ ക്രൂവിന്റെ ശരാശരി പ്രായം ഇപ്പോൾ 28 ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കമ്പനി നിലവിൽ 300 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുവെന്നും 30,000 ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും 1,200 വീതം ദിവസേന ഫ്ലൈറ്റുകൾ നടത്തുന്നുണ്ടെന്നും വിൽസൺ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക