സന്നിധാനം: മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ പൊടി വിതറുന്നതും ആചാരത്തിന്റെ ഭാഗമല്ലെന്ന ഹൈക്കോടതി പരാമര്‍ശം സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേല്‍ശാന്തിയും. കോടതി നിര്‍ദേശം പ്രായോഗികമായി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്ന് ഇരുവരും പറഞ്ഞു. ഇതിനിടെ ദര്‍ശനത്തിനെത്തുന ഭക്തര്‍ക്ക് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നല്‍കാന്‍ ദേവസ്വം നടപടി ആരംഭിച്ചതായാണ് വിവരം.
മാളികപ്പുറത്ത് തേങ്ങയുരുട്ടുക, മഞ്ഞള്‍പ്പൊടി വിതറുക, ശ്രീകോവിലിന് മുകളിലേക്ക് തുണി എറിയുക, വെറ്റില പറത്തുക, മണിമണ്ഡപത്തില്‍ ഭസ്മം വിതറുക തുടങ്ങി ഭക്തര്‍ ഇപ്പോഴും തുടരുന്ന കാര്യങ്ങളൊന്നും ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ മാളികപ്പുറവും പരിസരവും വൃത്തിഹീനമാകാനേ ഇടയാക്കൂ. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പുണ്യ നദിയെ മലീമസമാക്കുന്നു. ഹൈക്കോടതി നിര്‍ദേശം പ്രായോഗികമായി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും തന്ത്രി പറഞ്ഞു.
കോടതി നിര്‍ദ്ദേശത്തില്‍ സന്തോഷമുണ്ടെന്ന് മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയും പ്രതികരിച്ചു. ഇത്തരം അനാചാരങ്ങളില്‍ നിന്നു ഭക്തരെ പിന്തിരിപ്പിക്കാന്‍ ജീവനക്കാരെ പ്രത്യേകം നിയോഗിക്കണമെന്നും മാളികപ്പുറം മേല്‍ശാന്തി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: