ശ്രീകാര്യം(തിരുവനന്തപുരം): ഇടതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി കെടിയു വി സി ആയി ഡോ. കെ. ശിവപ്രസാദ് ചുമതലയേറ്റു. ഗവര്‍ണര്‍ നിയമിച്ച വി സിയെ സാങ്കേതിക സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നും ചുമതല ഏല്ക്കാന് അനുവദിക്കില്ലെന്നും കഴിഞ്ഞദിവസം എസ്എഫ്ഐയും ഇടതുപക്ഷ സംഘടന അംഗങ്ങളും പറഞ്ഞിരുന്നെങ്കിലും പ്രതിഷേധം വകവയ്ക്കാതെ രാവിലെ തന്നെ ശ്രീകാര്യം ശാസ്താംകോണത്ത് പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ വിസിയുടെ ഓഫീസില്‍ ഡോ. കെ. ശിവപ്രസാദ് എത്തി.
വി സിയുടെ ഓഫീസിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പുറത്ത് സര്‍വകലാശാലയിലെ ഇടത് സര്‍വീസ് സംഘടന അംഗങ്ങളും പ്രതിഷേധവുമായെത്തി. ഡോ. കെ. ശിവപ്രസാദ് ചുമതലയേറ്റെടുത്ത് മടങ്ങുമ്പോള്‍ ചിലര്‍ കരിങ്കൊടികാട്ടാന്‍ ശ്രമിച്ചു. ഇവരെ പോലീസ് തടഞ്ഞു. സാങ്കേതിക സര്‍വകലാശാലയെ മികവിലേക്ക് ഉയര്‍ത്തുമെന്നും അതിന് എല്ലാ വിദ്യാര്‍ത്ഥികളുടെയും പിന്തുണ ഉണ്ടാകണമെന്നും വിസി പറഞ്ഞു.
എന്നാല്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ചുമതലയേറ്റ ഡോ. സിസ തോമസിനു നേരെ എസ്എഫ്ഐയോ സര്‍വീസ് സംഘടനകളോ പ്രതിഷേധത്തിന് തയ്യാറയതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: