ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ സല്‍മാന്‍ റഹ്മാന്‍ ഖാന്‍ തടിയന്റവിട നസീറിന്റെ സുഹൃത്ത്. റുവാണ്ട ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (ആര്‍ഐബി), ഇന്റര്‍പോള്‍, നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) എന്നിവയുടെ സഹായത്തോടെ എന്‍ഐഎ പിടികൂടിയ ഇയാളെ ഇന്നലെ പുലര്‍ച്ചെ ഭാരതത്തിലെത്തിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ഇയാളെ ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഭീകര പ്രവത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണം, ക്രിമിനല്‍ ഗൂഢാലോചന, ബെംഗളൂരു ഭീകരാക്രമണം തുടങ്ങി വിവിധ കേസുകള്‍ ഖാനെതിരെയുണ്ട്.
പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു ജയിലില്‍ കഴിയുമ്പോഴാണ് തടിയന്റവിട നസീറുമായി ചങ്ങാത്തത്തിലാകുന്നത്. ജയിലില്‍ ബെംഗളൂരു സ്‌ഫോടന ഗൂഢാലോചനയില്‍ നസീറിനൊപ്പം ഖാനും പങ്കാളിയായി. ഇയാളാണ് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും വിതരണം ചെയ്തത്.
ബെംഗളൂരു ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേര്‍ 2023 ജൂണില്‍ പോലീസിന്റെ പിടിയിലായിരുന്നു. തടിയന്റവിട നസീറാണ് തങ്ങളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് ഇവരും മൊഴി നല്കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജയിലില്‍ രൂപപ്പെട്ട ഭീകര മൊഡ്യൂളിനെ കുറിച്ചറിയുന്നത്. ഒക്ടോബര്‍ 25നാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഖാനെതിരെ യുഎപിഎ, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള വിവിധ വകുപ്പുകള്‍ എന്‍ഐഎ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക