Kerala

ശബരിമലയില്‍ പ്രശ്നമുണ്ടാക്കിയ സ്ത്രീകള്‍ക്ക് വേണ്ടി മാപ്പ് ചോദിച്ച് സിനു ജോസഫ്; ‘ ആര്‍ത്തവമുള്ള സ്ത്രീകള്‍ ഇവിടെ പ്രവേശിക്കരുതെന്ന് പറയാന്‍ കാരണം ?’

Published by

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വേണ്ടി ബഹളമുണ്ടാക്കിയ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് സിനു ജോസഫ്. കേരളത്തിലെ ക്ഷേത്ര വിഗ്രഹങ്ങളെക്കുറിച്ചും ക്ഷേത്രചൈതന്യത്തെക്കുറിച്ചും ഗവേഷണം ചെയ്ത സിനു ജോസഫ് തന്റെ ശബരിമല ഉള്‍പ്പെടെയുള്ള ഷഡ് ചക്ര ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി എഴുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒരു പ്രസംഗത്തിലാണ് ഇങ്ങിനെ പ്രതികരിച്ചത്. ‘ശബരിമലയും സ്ത്രീകളും: നിയന്ത്രണത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍’ ( Women and Sabarimala: the Science behind restrictions) എന്നതാണ് സിനു ജോസഫ് ശബരിമലയെക്കുറിച്ച് എഴുതിയ പുസ്തകം.

സിനു ജോസഫ് ശബരിമലയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ കവര്‍ പേജ്

“ശബരിമലയുമായി ബന്ധപ്പെട്ട ഷഡ് ചക്ര ക്ഷേത്രങ്ങളെക്കുറിച്ച് ഞാന്‍ പഠനം നടത്തിയിരുന്നു. അരവിന്ദ് സുബ്രഹ്മണ്യമാണ് എന്നെ നയിച്ചത്. ശബരിമല ഒഴികെയുള്ള മറ്റ് അഞ്ച് ക്ഷേത്രങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. ഈ ക്ഷേത്രങ്ങളിലെല്ലാം ധ്യാനിക്കുകയും ചെയ്തു. എങ്ങിനെയാണ് ക്ഷേത്രത്തിലെ ചൈതന്യം സ്ത്രീശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കി”- സിനു ജോസഫ് പറഞ്ഞു.

“ഓരോ ക്ഷേത്രത്തിനും മനുഷ്യശരീരത്തില്‍ നേരിട്ട് പ്രത്യാഘാതമുണ്ടാക്കാന്‍ കഴിയും. ക്ഷേത്രചൈതന്യത്തിന് നമ്മുടെ ആരോഗ്യത്തെ വരെ സ്വാധീനിക്കാന്‍ കഴിയും. ഭക്തര്‍ക്ക് ഇത് പഠിച്ചറിയേണ്ട കാര്യമില്ല. അവര്‍ അത് അനുഭവിച്ചിട്ടുണ്ടാകും. വിഗ്രഹത്തിന്റെ മുന്‍പില്‍ ചെന്ന് കൈകൂപ്പുമ്പോള്‍ തന്നെ നമ്മള്‍ അത് അനുഭവിക്കുന്നു. എന്നാല്‍ ജനങ്ങള്‍ ചോദ്യം ചോദിക്കുകയും സുപ്രീംകോടതിയില്‍ പോകുകയും ചെയ്യുമ്പോള്‍ നമ്മള്‍ക്ക് എങ്ങിനെ ഉത്തരം പറയാന്‍ കഴിയും? ഇവിടെ നമുക്ക് വിശ്വാസം ഉണ്ടായതുകൊണ്ട് മാത്രമായില്ല. നമുക്ക് അത് വിശദീകരിക്കാനും സാധിക്കണം. തന്റെ പുസ്തകത്തില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. ” -സിനു ജോസഫ് വ്യക്തമാക്കി.

“എന്നാല്‍ ചില ക്ഷേത്രങ്ങളിലെ ചൈതന്യം സ്ത്രീശരീരത്തില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുക. ശബരിമല അത്തരമൊരു ക്ഷേത്രമാണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ അത് പ്രസവിക്കാനുള്ള അവരുടെ ശേഷിയെ ബാധിക്കും”. – സിനു ജോസഫ് പറയുന്നു. സിനു ജോസഫിന്റെ പുസ്തകത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇവരുടെ ക്ഷേത്രചൈതന്യത്തെക്കുറിച്ചും ശബരിമല ഉള്‍പ്പെടെയുള്ള ഷഡ് ചക്ര ക്ഷേത്രങ്ങളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നാണ്..സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധി മരവിപ്പിക്കുന്നതിന് പിന്നില്‍ ഇവരുടെ ശബരിമലയും സ്ത്രീകളും: നിയന്ത്രണത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍ എന്ന പുസ്തകത്തിലെ. വാദമുഖങ്ങള്‍ക്കും ഒരു പങ്കുള്ളതായി പറയപ്പെടുന്നു.

 

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക