Kerala

ശബരിമല ഫോട്ടോഷൂട്ട്; മനഃപൂർവമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ല

Published by

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം മനഃപൂർവമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നൽക്കേണ്ടതെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. ഫോട്ടോഷൂട്ട് വിവാദത്തിൽ എഡിജിപി ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി.

ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പോലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 74,463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് കോടതിയില്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി.

ഇതിന് പിന്നാലെ സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by