ന്യൂദൽഹി : സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിരച്ചിൽ നടത്തുന്നതിനിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സംഘത്തിന് നേർക്ക് ആക്രമണം. വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദൽഹിയിലെ കപഷേര പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ബിജ്വാസൻ ഏരിയയിലെ ഒരു ഫാം ഹൗസ് റെയ്ഡ് ചെയ്യുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റത്.
ആക്രമണത്തിനിടെ ഒരു എൻഫോഴ്‌സ്‌മെൻ്റ് ഓഫീസർക്ക് പരിക്കേറ്റു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരച്ചിൽ വീണ്ടും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഏജൻസി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. PYYPL ആപ്പിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്.
കേസിലെ പ്രതികളായ അശോക് ശർമ്മയും സഹോദരനും ഉൾപ്പെടെയുള്ളവർ ഇഡി സംഘത്തെ ആക്രമിച്ചെന്നാണ് ആരോപണം. അതേ സമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തിരച്ചിൽ തുടരുകയാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
ഫിഷിംഗ്, ക്യുആർ കോഡ് തട്ടിപ്പ്, പാർട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് I4C, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് എന്നിവയിൽ നിന്ന് ഇഡിക്ക് വിവരങ്ങൾ ലഭിച്ചതിന് ശേഷമാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഈ സൈബർ തട്ടിപ്പിലൂടെ സമ്പാദിച്ച പണം 15,000-ത്തോളം വിവിധ അക്കൗണ്ടുകളിലൂടെ കടന്നുപോകുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. ചില ചാർട്ടേഡ് അക്കൗണ്ടൻ്റുമാരാണ് ഈ ശൃംഖല നടത്തുന്നതെന്ന് ഏജൻസി വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക