Pathanamthitta

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിഎച്ച്പി അയ്യപ്പ സേവാകേന്ദ്രം 30ന് തുറക്കും

Published by

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്വഹിന്ദുപരിഷത്ത് അയ്യപ്പസേവാകേന്ദ്രം തുറക്കുന്നു. സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വിപുലമായ സൗകര്യങ്ങളോടെ ഒരുക്കിയ സേവാ കേന്ദ്രം 30ന് അയ്യപ്പന്മാര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 11.45നും 12.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദസരസ്വതി, സീമാജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍, വിഎച്ച്പി ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പി.എം. നാഗരാജ്, കെ.എന്‍. വെങ്കിടേശ്വരന്‍, സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ശബരിമല കര്‍മസമിതി ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദു ഐക്യവേദി രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, ഉത്തരകേരള പ്രാന്ത പ്രചാരക് അ. വിനോദ്, കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ദക്ഷിണ കേരള പ്രാന്ത കാര്യകാരി അംഗം എ.എം. കൃഷ്ണന്‍, ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ജില്ലാ സംഘചാലക് ഡി. ദിലീപ്, തുടങ്ങിയവര്‍ സംബന്ധിക്കും.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 40 സെന്റ് സ്ഥലത്താണ് അയ്യപ്പ സേവാ കേന്ദ്രം. 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരേസമയം 500 അയ്യപ്പന്മാര്‍ക്ക് വിരി വയ്‌ക്കാനും
പ്രതിദിനം 5000 പേര്‍ക്ക് അന്നദാനത്തിനും സൗകര്യമുണ്ട്. വിവിധ ഭാഷാ സഹായ കൗണ്ടര്‍, ശുചിമുറി ബ്ലോക്കുകള്‍, വൈദ്യസഹായം, ആംബുലന്‍സ് സൗകര്യം, അയ്യപ്പന്മാര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ഒരുക്കല്‍, ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം, ക്ലോക്ക് റൂം എന്നിവയും ഇവിടെ ലഭ്യമാകും. ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. മണ്ഡലകാലത്തിനുശേഷം ശബരിമലയിലെ പ്രതിമാസ പൂജാ സമയങ്ങളിലും സേവാകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ അയ്യപ്പഭക്തന്മാര്‍ക്ക് ലഭ്യമാകുമെന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ പറഞ്ഞു.

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി. ആര്‍. രാജശേഖരന്‍, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. അനില്‍ വിളയില്‍, അബിനു സുരേഷ്, ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, സഹ സേവാ പ്രമുഖ് വി. അനില്‍കുമാര്‍, സേവാകേന്ദ്രം മാനേജര്‍ ടി.എ. തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by