Kerala

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനകള്‍

Published by

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വേണ്ടന്ന് വെച്ച ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പിരിച്ചു വിടണമെന്ന് ഹിന്ദു സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും, ഭഗവദ്ഗീതാ ദിനവും കൂടിയായ ഗുരുവായൂര്‍ ഏകാദശി ദിവസം, വിശേഷാല്‍ പൂജയായി ഉദയാസ്തമന പൂജ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണ്. ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ വഴിപാടല്ല. വാര്‍ഷിക പൂജാവിധികളില്‍ ഒന്നാണ്. പൂജാവിധികളെ തകിടം മറിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ നടത്തുന്നതിന് വേണ്ടി തന്ത്രി കുടുംബം തന്നെ കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യം ഖേദകരമാണ്. തന്ത്രി കുടുംബം, ഊരാണ്‍മ കുടുംബം, പാരമ്പര്യക്കാര്‍, ഓതിക്കന്മാര്‍, മേല്‍ശാന്തി, കീഴ്ശാന്തിമാര്‍, ക്ഷേത്രം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരെ അറിയിക്കാതെ രഹസ്യമായി ദേവഹിതം നോക്കിയതില്‍ തന്നെ ദേവസ്വം ഭരണസമിതിയുടെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആയിരങ്ങള്‍ വാങ്ങി ഭക്തരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തലാക്കി സൗജന്യ വെര്‍ച്ച്വല്‍ ബുക്കിങ് നടപ്പിലാക്കണം. നിത്യേന മണിക്കൂറുകള്‍ വരിയില്‍ നിന്ന് വലയുന്ന ഭക്തര്‍ക്ക് ഇരിപ്പിട സൗകര്യവും. ദാഹജലവും കൊടുക്കണം. ആവശ്യത്തിന് ശൗചാലയങ്ങളും, ചെരുപ്പ്, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിനുള്ള സൗജന്യ സേവനവും നല്‍കണം. അമിതമായി വഴിപാട് തുക വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 30 ന് പടിഞ്ഞാറെ നടയില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ല ജോ. സെക്രട്ടറി പി. വത്സലന്‍, ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശേരി, അനൂപ് ശാന്തി എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക