അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് തെരഞ്ഞെടുപ്പുകളില്‍ തോറ്റു കഴിയുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് മേല്‍ പഴിചാരുന്നത്. ഹരിയാനയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം അത്രയധികം അസ്വസ്ഥമാക്കുകയാണ് മോദി വിരുദ്ധ കേന്ദ്രങ്ങളെയെന്ന് വ്യക്തം. മഹാരാഷ്‌ട്രയിലെ വിധി മറിച്ചായിരുന്നെങ്കില്‍ വരുംനാളുകളില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ ചില അട്ടിമറികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചേനെയെന്ന സൂചനകള്‍ തന്നെയാണ് ഇവിഎമ്മുകള്‍ കേള്‍ക്കുന്ന പഴിചാരലുകള്‍ക്ക് പിന്നിലുമെന്നുറപ്പാണ്. മഹാരാഷ്‌ട്രയിലെ വോട്ടുകള്‍ എണ്ണി പകുതിയാകും മുന്നേ തന്നെ ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഇവിഎമ്മുകള്‍ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു ദിവസത്തിനു ശേഷം ഇടതു ലിബറല്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ തലതൊട്ടപ്പനായ സിദ്ധാര്‍ത്ഥ് വരദരാജനും സംഘവും അവരുടെ ‘ദി വയര്‍’എന്ന ഓണ്‍ലൈന്‍ മാധ്യമം വഴി ‘ഞെട്ടിക്കുന്ന’ ചില കണക്കുകളുമായെത്തി ഇവിഎം അട്ടിമറി സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമാക്കി.
ഇവിഎമ്മുകളില്‍ രേഖപ്പെടുത്തിയ ആകെ വോട്ടുകളെക്കാള്‍ അഞ്ചു ലക്ഷത്തോളം വോട്ടുകള്‍ മഹാരാഷ്‌ട്രയില്‍ എണ്ണി എന്നായിരുന്നു വരദരാജന്റെയും ടീമിന്റെയും ആരോപണം. അഷ്തി, ഉസ്മാനാബാദ് എന്നീ മണ്ഡലങ്ങളില്‍ അയ്യായിരത്തിനടുത്ത് വോട്ടുകളുടെ വ്യത്യാസം ഉണ്ടെന്നും ദി വയറിന്റെ വാര്‍ത്തയില്‍ പറയുന്നു. അതിവേഗമാണ് ദി വയറിന്റെ വാര്‍ത്ത രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കണക്കാക്കാതെ തയ്യാറാക്കപ്പെട്ട ദി വയറിന്റെ റിപ്പോര്‍ട്ട് മിനിറ്റുകള്‍ക്കകം പൊളിഞ്ഞതോടെ മോദി വിരുദ്ധരുടെ ഒരു കുപ്രചരണം കൂടി തുറന്നുകാട്ടപ്പെട്ടു. 288 അസംബ്ലി മണ്ഡലങ്ങളിലായി വോട്ടിങ് യന്ത്രത്തില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. ഇതിനൊപ്പം 5,38,225 തപാല്‍ വോട്ടുകളും സംസ്ഥാനത്ത് രേഖപ്പെടുത്തി. അതായത് ആകെ വോട്ടുകള്‍ 6,46,26,420. എന്നാല്‍ സംസ്ഥാനത്ത് ആകെ എണ്ണിയത് 6,45,92,508 വോട്ടുകള്‍ മാത്രമാണ്. അതിന് കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ ഡേറ്റ നീക്കം ചെയ്യാതെ വോട്ടെടുപ്പ് നടത്തിയ ബൂത്തുകളിലെ അധിക വോട്ടുകള്‍ യന്ത്രത്തില്‍ വന്നു എന്നതാണ്. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ 34,000 വോട്ടുകള്‍ കുറച്ചാണ് എണ്ണിയതെന്ന് വ്യക്തമായിട്ടും ദി വയര്‍ പ്രചരിപ്പിച്ചത് 5 ലക്ഷത്തിലധികം വോട്ടുകള്‍ അധികമായി എണ്ണി എന്ന പച്ചക്കള്ളമാണ്. ഇത്തരത്തില്‍ കണക്കുകൂട്ടിയ അധിക വോട്ടുകള്‍ വഴിയാണ് ബിജെപി മഹാരാഷ്‌ട്രയില്‍ അധികാരത്തിലെത്തിയത് എന്നവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.
കേരളത്തില്‍ ഏഷ്യാനെറ്റും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങള്‍ ദി വയറിന്റെ ഈ കള്ളം ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദി വയറിന്റെ കള്ളത്തരം തുറന്നുകാട്ടി പ്രസ്താവന ഇറക്കിയിട്ടും മലയാള മാധ്യമങ്ങള്‍ അത് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനും തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്താനും തയ്യാറായിട്ടില്ല. ജനമനസില്‍ ഇവിഎമ്മുകളെപ്പറ്റിയും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പറ്റിയും ആശങ്ക നിറയ്‌ക്കുക എന്നതു മാത്രമാണ് ഇവരുടെയൊക്കെ ലക്ഷ്യം. തങ്ങള്‍ പോസ്റ്റല്‍ ബാലറ്റിന്റെ കണക്ക് ചേര്‍ക്കാതെയാണ് വാര്‍ത്ത തയ്യാറാക്കിയതെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദി വയര്‍ രണ്ടുവരി മാപ്പെഴുതി മുങ്ങിയതോടെ യഥാര്‍ത്ഥത്തില്‍ നാണംകെട്ടത് മലയാള മാധ്യമങ്ങളാണ്. മഹാരാഷ്‌ട്രയിലെ നന്ദേഡ് ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ നന്ദേഡ് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ബിജെപി-ശിവസേന സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇവിഎമ്മുകളില്‍ കൃത്രിമം സാധ്യമാണെങ്കില്‍ ഒരേ സ്ഥലത്ത് നടന്ന വോട്ടെടുപ്പില്‍ ലോക്സഭയിലേക്ക് മാത്രം ബിജെപി പരാജയപ്പെടുന്നത് എങ്ങനെ എന്ന ചോദ്യം ബാക്കി. ഇതേ അട്ടിമറി തന്ത്രം ഉപയോഗിച്ച് എന്തുകൊണ്ട് ബിജെപിക്ക് ഝാര്‍ഖണ്ഡില്‍ വിജയിക്കാന്‍ സാധിച്ചില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. ഇത്തരക്കാരെ തുറന്നുകാട്ടി കോണ്‍ഗ്രസില്‍ നിന്നു തന്നെ ചിലര്‍ രംഗത്തെത്തുന്നു എന്നത് ആശ്വാസകരമാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ അട്ടിമറി സാധ്യമല്ലെന്ന് പി. ചിദംബരത്തിന്റെ മകനും എംപിയുമായ കാര്‍ത്തി ചിദംബരം നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയം. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് കാര്‍ത്തി, കോണ്‍ഗ്രസിലെ തന്നെ പല നേതാക്കളേയും തള്ളിപ്പറഞ്ഞത്. 2004 മുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതാണെന്നും ഇവിഎമ്മുകളില്‍ കൃത്രിമത്വം സാധ്യമല്ലെന്നും കാര്‍ത്തി പറയുന്നു. ”ഇരുപത് വര്‍ഷമായി തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഇവിഎമ്മുകള്‍ക്കെതിരെ പരാതിപ്പെടാന്‍ വ്യക്തിപരമായി യാതൊരു അനുഭവവും എനിക്കില്ല. എന്തെങ്കിലും തട്ടിപ്പ് നടക്കുമെന്ന് പറയാന്‍ തെളിവുകളും എന്റെ കയ്യിലില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും ഇവിഎം അട്ടിമറി സിദ്ധാന്തം തെളിയിച്ചാല്‍ നിലപാട് മാറ്റാം. കോണ്‍ഗ്രസില്‍ പലര്‍ക്കും വത്യസ്ത അഭിപ്രായമാണുള്ളത്. അത് അവരാണ് വിശദീകരിക്കേണ്ടത്”, കാര്‍ത്തി ചിദംബരം വ്യക്തമാക്കുന്നു.
ഇവിഎമ്മിനും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കുമെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഇടതു ലിബറല്‍ ഗൂഢസംഘത്തിന്റെ മുഖത്തേറ്റ മറ്റൊരു കനത്ത പ്രഹരം സുപ്രീംകോടതിയില്‍ നിന്നും കഴിഞ്ഞ ദിവസമുണ്ടായി. വിജയിക്കുമ്പോള്‍ ഇവിഎമ്മുകള്‍ ശരിയും തോല്‍ക്കുമ്പോള്‍ കൃത്രിമം നടക്കുന്നുവെന്നും പറയുകയാണെന്ന് സുപ്രീംകോടതി പരിഹസിച്ചു. തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ആര്‍ക്കും തന്നെ ഇവിഎമ്മിനോട് പരാതിയില്ലെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് വോട്ടിങ് യന്ത്രത്തിനെതിരായ ഹര്‍ജി തള്ളിയത്. യുഎസ് ആസ്ഥാനമായ ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് എന്ന എന്‍ജിഒയുടെ സ്ഥാപകനായ ഡോ. കെ.എ. പോള്‍ എന്ന ഇവാഞ്ചലിസ്റ്റാണ് ഹര്‍ജിക്ക് പിന്നിലെന്നതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുണ്ടായപ്പോള്‍ തിരുപ്പതിയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി ആന്ധ്രയില്‍ നിന്ന് വേര്‍തിരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ കൂടിയാണ് ഡോ.പോള്‍.
അടുത്ത വര്‍ഷം ആദ്യം ദല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വേണ്ടത്. മത്സരിച്ചു തോറ്റതിന് ശേഷം ഇവിഎമ്മുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് തോറ്റത് എന്ന് പറഞ്ഞു നടക്കുന്നത് വോട്ടിങ് പ്രക്രിയയില്‍ ഭാഗമാകുന്ന രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ അപമാനിക്കുന്നതിന് തുല്യമാണ്. യുപിയിലെ മൊറാദാബാദ് ജില്ലയിലെ കുന്ദര്‍ക്കി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാംവീര്‍സിങ് നേടിയ വിജയം ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ആകെ പോള്‍ ചെയ്ത രണ്ടു ലക്ഷം വോട്ടുകളില്‍ ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളും സ്വന്തമാക്കിയായിരുന്നു ബിജെപിയുടെ വിജയം. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ഇരുപത്തയ്യായിരം വോട്ടുകള്‍ മാത്രം. മണ്ഡലത്തില്‍ മത്സരിച്ച പതിനൊന്ന് മുസ്ലിം സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തി, 80 ശതമാനത്തിലേറെ മുസ്ലിം വോട്ടര്‍മാരുള്ള കുന്ദര്‍ക്കിയിലെ ബിജെപി വിജയം ഒരു സൂചനയാണ്. ഇവിഎം അട്ടിമറി സിദ്ധാന്തങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം അപമാനിക്കുന്ന സാധാരണ ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്ന ശക്തമായ താക്കീതാണ് കുന്ദര്‍ക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: